Kerala
അടിമാലി: തെളിവില്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്നു വ്യക്തമാക്കാന്‍ എസ്ഐടി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു.
പുതുയുഗ യാത്രയുടെ ഭാഗമായി അടിമാലിയില്‍ എത്തിയ അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു. ഈ വിഷയത്തില്‍ മന്ത്രിമാര്‍ നിയമസഭയില്‍ പറഞ്ഞത് വിചിത്രമായ മറുപടിയാണ്. തന്ത്രിയെ രക്ഷിക്കാനാണ് പ്രതിപക്ഷം ഇറങ്ങിയിരിക്കുന്നതെന്നാണ് വ്യവസായ, തദ്ദേശ മന്ത്രിമാര്‍ ആരോപണം ഉന്നയിച്ചത്. കോടതിയെയാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നതെന്ന ആക്ഷേപവും മന്ത്രിമാര്‍ ഉന്നയിച്ചു.
കോടതിയെ വിമര്‍ശിച്ചത് നിയമമന്ത്രിയാണ്. ശബരിമല തന്ത്രിക്കെതിരേ കേസെടുക്കാന്‍ തെളിവിന്റെ കണിക പോലും ഇല്ലെന്നു പറഞ്ഞാണ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ച കോടതിയെ ഇന്നലെ വിമര്‍ശിച്ചത് നിയമമന്ത്രിയാണ്. തന്ത്രിയെ പോലെ ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹം എന്ത് കുറ്റകൃത്യമാണ് ചെയ്തെന്നും കുറ്റകൃത്യത്തില്‍ എന്ത് പങ്കാളിത്തമാണുള്ളതെന്നും എസ്ഐടി വ്യക്തമാക്കണമെന്ന് തന്ത്രിയെ അറസ്റ്റു ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.
തന്ത്രി അറസ്റ്റിലായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രഡിറ്റാണെന്നാണ് സിപിഎം അവകാശപ്പെട്ടത്. തന്ത്രിയെ വരെ ജയിലിലാക്കിയ ആളാണ് പിണറായി എന്നാണ് സിപിഎം സൈബര്‍ ഹാന്‍ഡിലുകള്‍ പ്രചരിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഔദ്യോഗിക സംവിധാനങ്ങളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. ജീവനക്കാര്‍ക്ക് ശമ്പളം നല്കുന്ന സ്പാര്‍ക്കില്‍ നിന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ഡേറ്റ മോഷ്ടിച്ചു.
ഡേറ്റ മോഷണത്തിനെതിരേ ഹൈക്കോടതിവിധിയും നിയമങ്ങളുമുണ്ട്. ഒരാളുടെയും വ്യക്തിഗത വിവരങ്ങള്‍ അയാളുടെ അനുവാദം ഇല്ലാതെ പുറത്ത് നല്കാന് പാടില്ല. സ്പാര്‍ക്കില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ സോഷ്യല്‍ മീഡിയ വിഭാഗം എങ്ങനെയാണ് ഡേറ്റ മോഷ്ടിച്ചത്. അവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണം. അതിനെതിരേ നിയമപരമായ നടപടികള്‍ സ്വീകരിക്കും.
നേരത്തേ സര്‍ക്കാര്‍ ഫണ്ട് വിനിയോഗിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഉപയോഗിച്ച് നവകേരള സര്‍വെ നടത്താന്‍ ശ്രമിച്ചു. പാര്‍ട്ടി സര്‍ക്കുലര്‍ ഇറക്കിയ ശേഷമാണ് പണം നല്കാന് സര്‍ക്കാര്‍ ഉത്തരവിട്ടത്. സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നാട്ടകാരുടെ നികുതിപ്പണം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നല്കി നടത്താനുള്ള ശ്രമമാണ് കോടതി തടഞ്ഞത്. ഇടുക്കിയിലെ റവന്യു ഭൂമി അനധികൃതമായി വനഭൂമിയാക്കിയത് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ റദ്ദാക്കും.
ഭൂ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കും.ആരോഗ്യമേഖലയില്‍ നടക്കുന്നതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്നാണ് മന്ത്രി പറയുന്നത്. മന്ത്രിയുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചാല്‍ നിരവധി വാല്യങ്ങളുള്ള പുസ്തകം ഇറക്കാം. അതു വായിക്കാന്‍ വലിയ ഹാള്‍ പണിയേണ്ടി വരുമെന്നും വി.ഡി. സതീശന് പറഞ്ഞു.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി. ശങ്കരദാസിന്റെ ജാമ്യാപേക്ഷയില്‍ മാര്‍ച്ച് രണ്ടിന് കൊല്ലം വിജിലന്‍സ് കോടതി വിധി പറയും. കട്ടിളപ്പാളി, ദ്വാരപാലക കേസുകളില്‍ പ്രതിയായ ശങ്കരദാസ് ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്.
പ്രതിക്കു ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. എന്നാല്‍ കോടതി തീരുമാനിക്കുന്ന എന്ത് ഉപാധികളും അംഗീകരിക്കാന്‍ തയാറാണെന്നും ആരോഗ്യ പ്രശ്നമുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു.
ഇരു വാദങ്ങള്‍ക്കും ശേഷം പ്രതിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കോടതി പരിശോധിച്ചു. തുടര്‍ന്ന് മാര്‍ച്ച് രണ്ടിന് വിധി പറയാന്‍ മാറ്റി.
ജനുവരി 14നാണ് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശങ്കരദാസിനെ രണ്ട് കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും വീണ്ടും ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നു ജയിലിലേക്ക് മാറ്റുകയായിരുന്നു.
എ. പത്മകുമാര്‍ പ്രസിഡന്റായിരുന്ന ബോര്‍ഡില്‍ സിപിഐ പ്രതിനിധിയായിരുന്നു ശങ്കരദാസ്. മറ്റൊരു ബോര്‍ഡ് അംഗമായ എന്‍. വിജയകുമാറും റിമാന്‍ഡില്‍ തുടരുകയാണ്.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളക്കേസിൽ ദേവസ്വം മന്ത്രി വി.എൻ. വാസവൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെയും നിയമസഭയിൽ ബഹളം വച്ചു.
രാവിലെ ചോദ്യോത്തരവേള തുടങ്ങിയപ്പോൾത്തന്നെ പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളി തുടങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അസാന്നിധ്യത്തിൽ കെ.ബാബുവായിരുന്നു ഇന്നലെ സഭയിൽ പ്രസംഗിച്ചത്. ദേവസ്വം മന്ത്രി രാജിവയ്ക്കും വരെ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കില്ലെന്നും സ്വർണക്കൊള്ളക്കേസിൽ പ്രതികളെല്ലാം പുറത്തിറങ്ങുകയാണെും ബാബു പറഞ്ഞു. ചോദ്യോത്തര വേള തുടരുന്നതിനിടെ പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുത്തളത്തിലിരുന്നു മുദ്രാവാക്യം വിളിച്ചു. സ്പീക്കർ ചോദ്യോത്തരവേളയുമായി മുന്നോട്ടുപോയി.
മന്ത്രിമാരായ പി. രാജീവും എം.ബി. രാജേഷും പ്രതിപക്ഷാംഗങ്ങൾ സഭാ നടപടികൾ തടസപ്പെടുത്തുന്നതിനെ ഇന്നലെയും രൂക്ഷമായി വിമർശിച്ചു. കെ. ബാബുവിനു പ്രസംഗിക്കാൻ ഒരവസരം കിട്ടിയതാണ് സഭയിലുണ്ടായ പ്രധാന കാര്യമെന്നു മന്ത്രി പി. രാജീവ് പറഞ്ഞു. സ്വർണക്കൊള്ളക്കേസിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ എസ്ഐടിയുടെ അന്വേഷണം നടക്കുകയാണ്. തെറ്റുചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്നു തന്നെയാണ് സർക്കാരിന്റെ നിലപാട്. ഇതു നേരത്തേതന്നെ വ്യക്തമാക്കിയതാണ്. ഇത് പ്രതിപക്ഷത്തിനു മാത്രം മനസിലാകുന്നില്ല. ഹൈക്കോടതിക്കെതിരേയാണ് ഇവരുടെ പരാമർശമെന്നും രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ടുള്ളതാണു സമരമെന്നും മന്ത്രി രാജീവ് പറഞ്ഞു. കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ തന്ത്രിയെയും രാജീവ് വിമർശിച്ചു.
തന്ത്രിയെ അറസ്റ്റ് ചെയ്തതു മുതൽ യുഡിഎഫും ബിജെപിയും അസ്വസ്ഥരാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ചോദ്യോത്തരവേള അവസാനിച്ചതിനു പിന്നാലെ സ്പീക്കർ ശ്രദ്ധക്ഷണിക്കലിനായി അംഗങ്ങളെ വിളിച്ചു. ഇതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളി ശക്തമാക്കി. അയ്യപ്പന്റെ സ്വർണം കട്ടവൻ, അന്പലം വിഴുങ്ങികൾ എന്നെഴുതിയ ബാനറുമായിട്ടായിരുന്നു പ്രതിപക്ഷം സഭയിലെത്തിയത്. ദേവസ്വം മന്ത്രി രാജി വച്ചു പുറത്തുപോകുക എന്ന മുദ്രാവാക്യം വിളി തുടർന്നു. സ്പീക്കർ സഭാ നടപടികൾ തുടർന്നു മുന്നോട്ടുകൊണ്ടുപോയതോടെ പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ഇതിനു പിന്നാലെ ബില്ലുകൾ ചർച്ചയില്ലാതെ പാസാക്കി സഭ വേഗത്തിൽ പിരിഞ്ഞു.
National
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയ്ക്ക് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
സ്ത്രീയെന്ന പരിഗണന മുൻനിർത്തിയും ആരോഗ്യകാരണങ്ങൾ പരിഗണിച്ചുമാണ് ജസ്റ്റീസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
കേസിലെ മറ്റ് ഏഴു പ്രതികൾ ജാമ്യത്തിലാണെന്ന ജയശ്രീയുടെ വാദവും കോടതി കണക്കിലെടുത്തു. നേരത്തേ വിഷയം പരിഗണിച്ചപ്പോൾ ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ.
കേസിൽ പിടിയിലായ പലരും പുറത്തിറങ്ങി. കേസിൽ മുഖ്യമന്ത്രിക്കു പങ്കുണ്ടോ എന്നുള്ളതാണ് ഇനി അറിയാനുള്ളത്.
മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയാറാകണം. സംഭവം നടന്നു മാസങ്ങൾ കഴിഞ്ഞിട്ടും തൊണ്ടി മുതൽ പോലും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ സിബിഐക്ക് അന്വേഷണം കൈമാറാൻ കോടതി മുൻകൈയെടുക്കണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് അയ്യപ്പ സംഗമം നടത്തിയത്.
അയ്യപ്പസംഗമത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് ഒരു രാത്രി ചെലവഴിക്കാൻ കോടികളാണു പൊടിപൊടിച്ചത്. ഇതിനു സിപിഎം അഖിലേന്ത്യ നേതാവായ എം. എ. ബേബി പൊതുസമൂഹത്തോടു മറുപടി പറയണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
Kerala
പാലക്കാട്: ശബരിമല യുവതീപ്രവേശനവിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണെന്നും സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലം തിരുത്തണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
യുവതീപ്രവേശനത്തെ അനുകൂലിച്ച പഴയ നിലപാടില്‍ മാറ്റമുണ്ടെന്നും ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും കോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പുതുയുഗയാത്രയ്ക്കു പാലക്കാട്ട് നല്കിയ സ്വീകരണയോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സതീശൻ.
വിശ്വാസികളെയും വിവിധ സംഘടനകളെയും കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുന്‍പ് മാപ്പുപറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് വ്യക്തമാക്കാതെ ഒളിച്ചുകളിക്കുകയാണ്. സത്യവാങ്മൂലം തിരുത്തിയില്ലെങ്കില്‍ സര്‍ക്കാരിന്റെ കാപട്യം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടും.
താന്‍ ഇന്‍സ്റ്റന്റായി തീരുമാനമെടുക്കുന്ന ആളാണെന്ന നിയമമന്ത്രിയുടെ പരിഹാസത്തിനും സതീശൻ മറുപടി നല്കി. നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നവരാണ് ഞങ്ങള്‍. അഫിഡവിറ്റ് തിരുത്താന്‍ ഒരുകൊല്ലം ആലോചിക്കേണ്ട കാര്യമില്ല. സിപിഎമ്മിനു നിലപാടുമില്ല, ഉറപ്പുമില്ല, എന്നാല്‍ അയ്യപ്പഭക്തരുടെ വോട്ട് വേണമെന്നു സതീശൻ കളിയാക്കി.
മാറ്റത്തിനുമാത്രമാണ് മാറ്റമില്ലാത്തതെന്ന സിപിഎം സംസ്ഥാനസെക്രട്ടറിയുടെ പ്രസ്താവന ആര്‍ക്കും മനസിലാകാത്ത ഭാഷയാണെന്നും ആചാരങ്ങള്‍ സംരക്ഷിക്കുമെന്നു മര്യാദയ്ക്കു പറഞ്ഞാല്‍ പോരേയെന്നും സതീശന് ചോദിച്ചു. യുഡിഎഫ് അധികാരത്തില്‍വന്നാല്‍ ശബരിമലയിലെ ആചാരങ്ങളെ അനുകൂലിച്ച് പുതിയ സത്യവാങ്മൂലം നല്‍കും.
പിണറായി സര്‍ക്കാര്‍ മൂന്നാമതും വരുമെന്ന മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയെ സതീശന് തള്ളിക്കളഞ്ഞു. അയ്യർക്ക് ഇപ്പോള്‍ കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ലെന്നും അധികാരവും സുഖസൗകര്യങ്ങളും അനുഭവിച്ചശേഷം പാര്‍ട്ടിയെ തള്ളിപ്പറയുന്ന സ്വഭാവമാണ് അദ്ദേഹത്തിനുള്ളതെന്നും സതീശന് പരിഹസിച്ചു.
വി.എസ്. അച്യുതാനന്ദന്റെ മുന്‍ പിഎ എ. സുരേഷ് യുഡിഎഫിലേക്കു വരുന്നതിനെ സതീശൻ സ്വാഗതംചെയ്തു. ഇടതുപക്ഷപ്രസ്ഥാനത്തിന്റെ പ്രതീകമായ വിഎസിന്റെ സന്തതസഹചാരികള്പോലും സിപിഎമ്മുമായി പിരിയുകയാണെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ വിസ്മയങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇത്തവണ മുറിച്ചെടുത്തത് സ്വര്‍ണപ്പാളിയുടെ വലിയ ഭാഗങ്ങള്‍.
ദ്വാരപാലക ശില്പത്തിന്റെ കൈയുടെ ഭാഗവും മുറിച്ചെടുത്തു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സന്നിധാനത്ത് എസ്ഐടി പരിശോധന നടത്തിവരികയായിരുന്നു. സാമ്പിള്‍ പരിശോധനയ്ക്കായാണ് പാളികള്‍ മുറിച്ചെടുത്തത്.
എന്നാല്‍ പാളികള്‍ ഈ രൂപത്തില്‍ ദീര്‍ഘകാലം വയ്ക്കാനാകില്ലെന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനര് നിര്‍ദേശിച്ചു. തന്ത്രിയുടെ അനുവാദം വാങ്ങിയശേഷമാണ് എസ്ഐടി പാളികള്‍ മുറിച്ചെടുത്തശേഷം പുനഃസ്ഥാപിച്ചത്.
അംഗഭംഗം വന്നെങ്കിലും തത്കാലം സ്ഥാപിക്കാമെന്നും മുറിച്ചുമാറ്റിയ ഭാഗങ്ങളിലെ വിടവുകള്‍ എന്തു ചെയ്യണമെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിക്കട്ടേയെന്നും തന്ത്രി പറഞ്ഞു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നവര്‍ക്ക് കേന്ദ്ര ഏജന്‍സിയില്‍ മാത്രം വിശ്വാസം തോന്നാന്‍ കാരണമെന്തെന്ന ചോദ്യവുമായി ഹൈക്കോടതി. സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്തിനാണ്.
കേസ് നിലവില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘവും വിജിലന്‍സുമാണ് അന്വേഷിക്കുന്നതെന്ന് കോടതി പറഞ്ഞു.
രാജ്യാന്തര ബന്ധങ്ങളടക്കം സംശയിക്കുന്നതിനാല്‍ സിബിഐ അന്വേഷിക്കണമെന്ന് ഹര്‍ജിക്കാരായ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, വിശ്വഹിന്ദു പരിഷത്ത്, തന്ത്രി സമാജം തുടങ്ങിയവര്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു കേന്ദ്ര ഏജന്‍സിയുമായി ബന്ധപ്പെട്ട് ദേവസ്വം ബെഞ്ച് ചോദ്യമുന്നയിച്ചത്.
നിലവിലെ സാഹചര്യത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം കാര്യക്ഷമമാകില്ലെന്നാണു ഹർജികളിലെ ആരോപണം. ശബരിമലയിലെ സ്വര്‍ണം വിവിധ സംസ്ഥാനങ്ങളില്‍ എത്തിച്ചിട്ടുണ്ടെന്നും അവിടങ്ങളിലെ ആളുകള്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതിനാല്‍ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം മതിയാകില്ലെന്നുമാണ് ഹര്‍ജിയിലെ വാദം.
സിബിഐ മികച്ച അന്വേഷണം നടത്തിയ ഇത്തരം കേസുകളില്‍ ചിലതു ചൂണ്ടിക്കാട്ടാനാകുമോ. സിബിഐയെ മഹത്തരമായി കാണുന്നുണ്ടെങ്കില്‍ തിരിച്ചും ചിന്തിച്ചുകൂടെയെന്നും ജസ്റ്റീസുമാരായ എ. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ചോദിച്ചു. തുടര്‍ന്ന് ഹര്‍ജി വീണ്ടും ഒന്നിച്ചു പരിഗണിക്കാനായി മാര്‍ച്ച് 13ലേക്കു മാറ്റി.
കേസില്‍ കക്ഷിചേരാനായി മാധ്യമപ്രവര്ത്തകന് എം.ആര്. അജയന് സമര്‍പ്പിച്ച ഹര്‍ജി പരിഗണനാര്‍ഹമല്ലെന്നു വിലയിരുത്തി കോടതി തള്ളി. അഭിഭാഷകന് ഹാജരാകാതിരുന്നതിന്റെ പേരില്‍ ഹര്ജിക്കാരന് ഹൈക്കോടതി നേരത്തേ പിഴ ചുമത്തിയിരുന്നു.
Kerala
കണ്ണൂർ: ശബരിമലയിലെ സ്വർണം കവർന്നവർ രക്ഷപ്പെടില്ലെന്നും ഉറപ്പായും ശിക്ഷിക്കപ്പെടുമെന്നും സ്പീക്കർ എ.എൻ. ഷംസീർ.
മോഷണം ആര് നടത്തിയാലും മോഷണം മോഷണംതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസ് അസോസിയേഷൻ ( കെപിഎ) കണ്ണൂർ സിറ്റി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സ്പീക്കർ എ.എൻ. ഷംസീർ.
എല്ലാക്കാലത്തും വിമർശനങ്ങൾക്കു വിധേയമാകുന്ന വിഭാഗമാണ് ആഭ്യന്തരവകുപ്പും പോലീസ് സേനയും. പോലീസിനകത്തെ തെറ്റായ ശീലങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.
രാജ്യത്തെ മികച്ച പോലീസ് സേനയാണ് കേരള പോലീസെന്നും സ്പീക്കർ പറഞ്ഞു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.വി. സന്ദീപ് കുമാർ അധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജ് മുഖ്യാതിഥിയായി.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡില്‍ കഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍. വാസുവിന്റെ ജാമ്യ ഹർജിയില്‍ ഇന്ന് കൊല്ലം വിജിലന്‍സ് കോടതി വിധി പറയും.
റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് സ്വാഭാവിക ജാമ്യം തേടി കേസിലെ മൂന്നാം പ്രതിയായ വാസു കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹർജി നല്‍കിയത്.
എസ്ഐടി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതും പ്രതിഭാഗം ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ചൂണ്ടിക്കാട്ടി. ഇന്നലെ തന്നെ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് ഇക്കാര്യത്തില്‍ വിവേചനം കാണിക്കാന്‍ പറ്റില്ലെന്നും ഇന്നു ജാമ്യഹര്‍ജിയില്‍ വിധി പറയുമെന്നും കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് വ്യക്തമാക്കി. എന്നാല്‍ ജാമ്യം അനുവദിക്കുകയാണെങ്കില്‍ മറ്റു പ്രതികള്‍ക്കു സ്വാഭാവിക ജാമ്യം നല്കിയ കര്‍ശന ഉപാധികള്‍ വേണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടു.
അതേസമയം, കേസില്‍ ദേവസ്വം മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ എ.പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. അതിനിടെ തന്ത്രി കട്ടിളപ്പാളി, ദ്വാരപാലക കേസുകളില്‍ പ്രതിയായി റിമാന്‍ഡില്‍ കഴിയുന്ന കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയില്‍ ഇന്നലെ പ്രോസിക്യൂഷന്റെ വാദം നടന്നു. കഴിഞ്ഞ ദിവസം പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായിരുന്നു. ജാമ്യ ഹർജിയില്‍ വിധി 18ലേക്കു മാറ്റി.
കണ്ഠര് രാജീവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും തന്ത്രിക്ക് ഇപ്പോള്‍ ജാമ്യം നല്കിയാല് തെളിവുകള്‍ നശിപ്പിക്കുമെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന് വാദിച്ചു. ആചാരപരമായ കാര്യങ്ങളില്‍ മാത്രം ഇടപെടുന്നയാളാണ് തന്ത്രിയെന്നും സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വാദങ്ങള്‍ കേട്ട കോടതി എസ്ഐടി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും വിധി പറയുക.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ജുഡീഷല്‍ കസ്റ്റഡിയിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണറും പ്രസിഡന്റുമായിരുന്ന എന്‍. വാസുവും സ്വാഭാവിക ജാമ്യം തേടി. കേസിലെ മൂന്നാം പ്രതിയായ വാസു കേസില്‍ അറസ്റ്റിലായി ശനിയാഴ്ച 90 ദിവസം കഴിഞ്ഞതിനാല്‍ ഇന്നലെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ജാമ്യപേക്ഷ നല്കി. ഇന്നു വിശദമായ വാദം കേള്‍ക്കും.
കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന് പോറ്റി അടക്കം നാലു പ്രതികള്‍ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഉണ്ണികൃഷ്ണന് പോറ്റിക്കും മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ എന്നിവര്‍ക്കും സ്വാഭാവിക ജാമ്യം ലഭിച്ചപ്പോൾ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിനു തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നല്‍കിയിരുന്നു. പ്രത്യേക അന്വേഷണ സംഘം 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്തതിനാലാണ് ശ്രീകുമാര്‍ ഒഴികെ മറ്റു പ്രതികള്‍ക്കു സ്വാഭാവിക ജാമ്യം നല്‍കിയത്.
കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യം പ്രതിയുടെ അവകാശമാണെന്നും അത് അനുവദിക്കണമെന്നും വാസു നല്കിയ ജാമ്യപേക്ഷയില് പറയുന്നു. ഇന്നു വിശദമായ വാദം കേൾക്കും. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ പത്മകുമാറിന്റെ കസ്റ്റഡി കാലാവധി ഈ മാസം 20ന് 90 ദിവസം പൂര്‍ത്തിയാകും. 20ന് പത്മകുമാറും സ്വാഭാവിക ജാമ്യത്തിന് അപേക്ഷ നല്‍കും.
അതിനിടെ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്നലെ വാദംതുടങ്ങി. ഇന്നലെ പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി. കൊല്ലം വിജിലന്‍സ് കോടതിയില്‍ തന്ത്രിക്കുവേണ്ടി അഡ്വ. ബി. രാമന്‍പിള്ള ഓണ്‍ലൈനായി ഹാജരായി.
അഡ്മിനിട്രേറ്റീവ് കാര്യങ്ങളില്‍ തന്ത്രിക്ക് ഇടപെടാന്‍ കഴിയില്ലെന്നു പ്രതിഭാഗം വാദിച്ചു. ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് ഇടപെടാന്‍ കഴിയുന്നത്. തന്ത്രിയുമായി ഉണ്ണികൃഷ്ണന് പോറ്റിക്കുള്ള ബന്ധം സ്വര്‍ണക്കൊള്ളയ്ക്കു വഴിവച്ചു എന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തല്‍.
അങ്ങനെ ഒരു ബന്ധമായിരുന്നെങ്കില്‍ പോറ്റിക്ക് കീഴ്ശാന്തിയുടെ സഹായിയായി നില്‍ക്കേണ്ടതില്ലല്ലോ എന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. ഉയര്‍ന്ന ബന്ധമുണ്ടായിരുന്നെങ്കില്‍ പോറ്റിയെ തന്ത്രിക്കൊപ്പമോ അല്ലെങ്കില്‍ ഉയര്‍ന്ന സ്ഥാനങ്ങളിലോ നിര്‍ത്താമായിരുന്നല്ലോ, അങ്ങനെ ഉണ്ടായില്ലല്ലോ എന്നും പ്രതിഭാഗം വാദം ഉയര്‍ത്തി. ഇന്നാണ് പോസിക്യൂഷന് വാദം.
Kerala
തിരുവനന്തപുരം: സോണിയാ ഗാന്ധിയെ കാണാൻ തനിക്ക് സൗകര്യമൊരുക്കിയത് കർണാടകയിലെ തന്റെ ബന്ധം ഉപയോഗിച്ചാണെന്ന് ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി എസ്ഐടിക്കു മൊഴി നൽകി. ആറ്റിങ്ങൽ മണ്ഡലത്തിലെ എംപിയെന്ന നിലയിലാണ് അടൂർ പ്രകാശിനെ വിളിച്ചതെന്നും പോറ്റി മൊഴി നൽകി.
ഏതാണ്ട് ഇതിനു സമാനമായ മൊഴിയാണ് അടൂർ പ്രകാശും നൽകിയതെന്നാണ് വിവരം. അടൂർ പ്രകാശിനെ വഴുതക്കാടുള്ള ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യുന്പോൾ, ചാക്കയിലെ എസ്ഐടി ആസ്ഥാനത്ത് ഉണ്ണികൃഷ്ണൻ പോറ്റിയെ എത്തിച്ചിരുന്നു.
ജാമ്യത്തിലിറങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റി ചൊവ്വയും വെള്ളിയുമാണ് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകേണ്ടത്. എന്നാൽ, ഇന്നലെ പ്രത്യേകമായി വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് വിവരം.
Kerala
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദ നായകന് ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയില്‍ കയറ്റിയതും അതീവ സുരക്ഷയുള്ള നമ്പര്‍ 10 ജന്‍പഥില്‍ എത്തിച്ചതും അടക്കമുള്ള യാഥാര്‍ഥ്യങ്ങള്‍ പുറത്തുവരാന്‍ യുഡിഎഫ് ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള കോണ്‍ഗ്രസ് ചെയര്മാന് ജോസ് കെ. മാണി എംപി നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ ഉദ്ഘാടനം പത്തനംതിട്ടയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഉയര്‍ത്തി നിയമസഭ സ്തംഭിപ്പിച്ച പ്രതിപക്ഷം ഇതു ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് ഒളിച്ചോടുകയാണ്. പോറ്റിയെ ശബരിമലയിലെത്തിച്ചതുള്പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവരുമെന്ന ഭയം യുഡിഎഫിനുണ്ട്. യുഡിഎഫ് ഭരണകാലത്താണ് പോറ്റി ശബരിമലയിലെത്തിയത്.
കോണ്‍ഗ്രസിന്റെ ഉന്നതനായ അഖിലേന്ത്യാ നേതാവ് 2004ല്‍ ദേവസ്വംമന്ത്രിയായിരുമ്പോഴാണ് ഉണ്ണികൃഷ്ണന്‍പോറ്റി ആദ്യം ശബരിമലയില്‍ കയറി കളികള്‍ തുടങ്ങിയത്. കോണ്‍ഗ്രസ് നേതാവ് പ്രസിഡന്റായ ദേവസ്വം ബോര്‍ഡാണ് ഇതിനൊക്കെ അവസരം ഒരുക്കിക്കൊടുത്തത്. ഇക്കാര്യങ്ങളൊക്കെ പുറത്തു വരാതിരിക്കാനാണ് നയപ്രഖ്യാപന ചര്‍ച്ചയില്‍ നിന്നും പ്രതിപക്ഷം ഒളിച്ചോടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു
ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ ചൊല്ലിയുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഹൈക്കോടതിതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ബിജെപിയുടെ ബി ടീമാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ശബരമല സ്വര്‍ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് ബിജെപിയാണ്. കോണ്‍ഗ്രസും അതിനെ പിന്തുണയ്ക്കുന്നു.
കോണ്‍ഗ്രസിന് ഹൈക്കോടതിയേക്കാള്‍ ബിജെപിയെയാണോ വിശ്വാസം എന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്നും പിണറായി വിജയന് ആരോപിച്ചു.
വികസന മുന്നേറ്റ ജാഥ സ്വാഗത സംഘം ചെയര്മാന് കുര്യന് മടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ ജോസ് കെ. മാണി എംപി, മന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, കെ.കെ. ശൈലജ എംഎൽഎ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജോസ് കെ. മാണി നയിക്കുന്ന ജാഥ ഇന്ന് പത്തനംതിട്ട ജില്ലയിലെ പര്യടനത്തിനുശേഷം കോട്ടയത്തേക്കു പ്രവേശിക്കും. 14ന് എറണാകുളത്താണ് സമാപനം. കെ.കെ. ശൈലജ, പി.കെ. ബിജു , പി.പി. സുനീര്‍ എംപി, സാബു ജോര്‍ജ്, സുഭാഷ് പുഞ്ചക്കോട്ടില്‍, ഡോ. വര്‍ഗീസ് ജോര്‍ജ്, മാത്യൂസ് കോലഞ്ചേരി, കെ.ജി. അജിത്ത് , ഫ്രാന്‍സിസ് തോമസ്, എം.എ. ലത്തീഫ്, ബിനോയ് ജോസഫ് എന്നിവരാണ് ജാഥാംഗങ്ങള്‍.
Kerala
കണ്ണൂർ: ശബരിമല സ്വർണക്കൊള്ള കേസ് പരിപൂർണമായും അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്നും കേസിലെ ഓരോ പ്രതികളും ജാമ്യം നേടി പുറത്തുവന്നുക്കൊണ്ടിരിക്കുകയാണെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.
കണ്ണൂർ ഡിസിസി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഭാഗികമായി കുറ്റപത്രം സമർപ്പിക്കാമെന്നിരിക്കേ അതും ഉണ്ടായിട്ടില്ല. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണു പ്രതികൾ ജാമ്യം നേടി പുറത്തുവരുന്നത്. കുറ്റപത്രം സമർപ്പിക്കുന്നത് വളരെ ആസൂത്രിതമായി വൈകിക്കുകയാണ്.
പ്രോസിക്യൂഷന്റെ അനുമതിയും സ്വർണവുമായി ബന്ധപ്പെട്ട രാസപരിശോധനാ ഫലവും ലഭിക്കാത്തതുക്കൊണ്ടാണ് കുറ്റപത്രം സമർപ്പിക്കാത്തതെന്നാണ് എസ്ഐടി പറയുന്നത്. എന്നാൽ, ഇതിന് രണ്ടിനും അനുമതി നൽകേണ്ടത് മുഖ്യമന്തിയാണെന്നും ചെന്നിത്തല പറഞ്ഞു. ഭാഗികമായ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിൽ പ്രതികൾക്കു ജാമ്യം ലഭിക്കില്ലായിരുന്നു. നാലുമാസം കഴിഞ്ഞിട്ടും കവർച്ച ചെയ്ത സ്വർണം എവിടെയെന്നു കണ്ടുപിടിക്കാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ലെന്നതും ഗൗരവമായ വിഷയമാണ്.
പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെക്കൊണ്ട് ജനങ്ങൾ മറുപടി പറയിക്കും. സംസ്ഥാനത്താകെ സിപിഎമ്മിന് മുന്നൂറിലേറെ രക്തസാക്ഷികളുണ്ട്. അവരുടെ കുടുംബത്തെ രക്ഷിക്കുന്നതിനായി ഇതുവരെ മുന്നൂറ് കോടിയോളം രൂപ പിരിച്ചിട്ടുണ്ടാകും.
പയ്യന്നൂരിലെ രക്തസാക്ഷിക്കായി പാർട്ടിക്കാരിൽനിന്നു മാത്രമല്ല ഫണ്ട് പിരിച്ചത്. ജനങ്ങളിൽനിന്നുകൂടിയാണ്. അതുകൊണ്ട് ഫണ്ട് ശേഖരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണ്ടതുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ പാർട്ടിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
കണ്ണൂരിൽ കെ. സുധാകരൻ മത്സരിക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, സുധാകരൻ എവിടെ മത്സരിച്ചാലും ജയിക്കുമെന്നായിരുന്നു മറുപടി. ആരൊക്കെ മത്സരിക്കണമെന്ന കാര്യം ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
Kerala
കൊച്ചി: സംസ്ഥാന സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ശബരിമല സ്വര്‍ണക്കൊള്ള കേസ് സിബിഐക്കു കൈമാറണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍.
സിപിഎം നേതാക്കളും മന്ത്രിയും മുന്‍മന്ത്രിയുമടക്കം ആരോപണ വിധേയരാകുമ്പോള്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലക്കാരനായ മുഖ്യമന്ത്രിക്കു കീഴിലെ അന്വേഷണസംഘം അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല.
കേസില്‍ ഒന്നും ഒളിക്കാനില്ലെങ്കില്‍ സിബിഐക്കു വിടാന്‍ തയാറാകുകയാണു വേണ്ടതെന്നും എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസില്‍ അദ്ദേഹം പറഞ്ഞു. ട്വന്റി 20 ചെയര്മാന് സാബു എം. ജേക്കബും പങ്കെടുത്തു.
Kerala
തിരുവനന്തപുരം: അന്വേഷണം മരവിപ്പിച്ചും കുറ്റപത്രം നൽകാതെയും പ്രതികളെ പുറത്തിറക്കി ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണം അട്ടിമറിക്കാനുള്ള സർക്കാർ ശ്രമത്തിന് എതിരായ പോരാട്ടമാണ് പ്രതിപക്ഷം നിയമസഭയ്ക്കുള്ളിലും പുറത്തും നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും മന്ത്രി വി.എൻ. വാസവനും മുൻ ദേവസ്വം പ്രസിഡന്റുമാർക്കും സ്വർണക്കൊള്ളയിൽ പങ്കുണ്ട്.
മന്ത്രിമാർ കോണ്‍ഗ്രസിനെതിരേ ആരോപണം ഉന്നയിക്കുന്നത് ബിജെപിയുടെ ഗുഡ് ബുക്കിൽ കയറിപ്പറ്റാനുള്ള തന്ത്രമാണ്. ലാവ്ലിൻ അന്വേഷണം സിബിഐക്കു വിട്ട ചീഫ് ജസ്റ്റീസിനെ നാടുകടത്താനും മുദ്രാവാക്യം വിളിക്കാനും നേതൃത്വം നൽകിയ ആളാണ് നിയമമന്ത്രിയുടെ കസേരയിൽ ഇരുന്ന് പ്രതിപക്ഷനേതാവ് ഹൈക്കോടതിയെ അധിക്ഷേപിച്ചെന്നു പറയുന്നത്. ധർമശാസ്താവിന്റെ സ്വർണം കട്ട സിപിഎം നേതാക്കൾ അഴിക്കുള്ളിൽ ആകുന്നതുവരെ സമരവുമായി മുന്നോട്ടു പോകും.
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ രജിസ്റ്റർ തിരുത്തിയാണ് ദ്വാരപാലക ശിൽപം കടത്തിയത്. അതിന്റെ ഫോറൻസിക് പരിശോധനപോലും മൂന്നു ദിവസം മുൻപാണു നടത്തിയത്. എല്ലാം വൈകിക്കുന്നു. പ്രതികൾ പുറത്തിറങ്ങി എല്ലാ തെളിവുകളും നശിപ്പിച്ച് ശബരിമല സ്വർണക്കൊള്ള എങ്ങും എത്തിക്കാതിരിക്കാനുള്ള ശ്രമമാണു നടത്തുന്നത്.
ഏത് കോടതിയാണ് ശബരിമല വിഷയത്തിൽ പ്രതിപക്ഷത്തെ വിമർശിച്ചത്? കോടതി വിമർശിച്ചത് എസ്ഐടിയെയാണ്. തദ്ദേശ തെരഞ്ഞെടുപ്പുകാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദം ചെലുത്തി അന്വേഷണം മരവിപ്പിച്ചെന്ന് പ്രതിപക്ഷം പറഞ്ഞത് പിന്നീട് കോടതി ശരിവച്ചതായും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളായവരുടെയും ആരോപണവിധേയരുടെയും മൊഴികള്‍ രേഖപ്പെടുത്താനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനടക്കം 12 പേര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് കേസില്‍ വിശദമായ ചോദ്യം ചെയ്യലിന് ഇഡി ഒരുങ്ങുന്നത്.
ഉണ്ണികൃഷ്ണന് പോറ്റി, കര്‍ണാടത്തിലെ ജ്വല്ലറി ഉടമ ഗോവര്ധന്, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരെയാകും ആദ്യഘട്ടത്തില്‍ ചോദ്യംചെയ്യുക.
സാക്ഷികള്‍ക്കു നല്കുന്ന സമന്സാകും കടകംപള്ളി സുരേന്ദ്രനു നല്‍കുക. പ്രതികളുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കടകംപള്ളി സുരേന്ദ്രനെയും വിളിച്ചുവരുത്താനാണ് ഇഡി നീക്കം. എന്നാല്‍, ചോദ്യം ചെയ്യാനുള്ളവരുടെ പട്ടികയില്‍ തന്ത്രി കണ്ഠര് രാജീവരെ ഇതുവരെ ഉള്പ്പെടുത്തിയിട്ടില്ലെന്നാണു സൂചന.
അതിനിടെ, കേസുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ ഇഡി നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത രേഖകളില്‍ വ്യക്തത തേടി പ്രതികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇഡി നോട്ടീസ് അയച്ചു.
ഉണ്ണികൃഷ്ണന് പോറ്റി, മുരാരി ബാബു, ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്നിവരോടാണു വ്യക്തത തേടിയിട്ടുള്ളത്. നേരിട്ടോ അഭിഭാഷകന് മുഖേനയോ വിവരങ്ങള്‍ അറിയിക്കാനാണു നിര്‍ദേശം.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര് ജയിലില്‍ തുടരും. ജാമ്യഹര്‍ജി പരിഗണിക്കുന്നതു കൊല്ലം വിജിലന്‍സ് കോടതി ഫെബ്രുവരി മൂന്നിലേക്കു മാറ്റി. കട്ടിള പാളി കേസിലാണ് മൂന്നാം തീയതി വാദം കേള്‍ക്കുക. ദ്വാരപാലക ശില്പകേസില് തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്നലെ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. തന്ത്രിക്കായി മുതിര്‍ന്ന അഭിഭാഷകന് കെ. രാമന്‍പിള്ള ഓണ്‍ലൈനായി ഹാജരായി.
ഇതേ സമയം തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ.എസ്. ബൈജു, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, ജ്വല്ലറി ഉടമ ഗോവര്ധന്, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവരെ 14 ദിവസത്തേക്കുകൂടി റിമാന്‍ഡ് ചെയ്തു.
തന്നെ മനഃപൂര്‍വം കേസില്‍ കുടുക്കിയെന്നാണ് തന്ത്രി ഹര്‍ജിയില്‍ വാദിച്ചത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയുമായി തന്ത്രി കണ്ഠര് രാജീവരിന് അടുത്ത ബന്ധമാണ് ഉള്ളതെന്നും ഗൂഢാലോചനയില്‍ അടക്കം പങ്കുണ്ടെന്നുമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. രണ്ടു തവണ പാളികള്‍ കടത്തിയതിലും തന്ത്രിക്കു പങ്കുണ്ടെന്നും തന്ത്രിക്ക് പ്രതികളുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നുമാണ് എസ്ഐടി വാദം.
തന്ത്രിയുടെ കൈപ്പട പരിശോധിക്കാനുള്ള നീക്കവും പ്രത്യേക സംഘം ആരംഭിച്ചിട്ടുണ്ട്. ഇതിനായുള്ള അപേക്ഷ കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയിരുന്നു. ദ്വാരപാലക പാളികള്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ അനുവാദം നല്‍കിയതിലാണ് പരിശോധന.
തന്ത്രി സ്വന്തം കൈപ്പടയിലാണ് ഇക്കാര്യം എഴുതി നല്‍കിയതെന്ന് ശാസ്ത്രീയമായി തെളിയിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. അനുമതി ലഭിച്ചാലുടന്‍ സാമ്പിള്‍ ശേഖരിക്കുമെന്ന് എസ്ഐടി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശബരിമല സ്വണക്കൊള്ള കേസില്‍ ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പിന്തുണച്ച് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍.
ആരുമില്ലാത്ത സമയത്ത് വിശ്വാസികള്‍ക്കു വേണ്ടി നിലകൊണ്ടത് കടകംപള്ളി സുരേന്ദ്രനാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
കടകംപള്ളി കുറ്റക്കാരനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും ചില മുഖ്യധാരാ മാധ്യമങ്ങള്‍ വഴിയാണ് ഇത് നടക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ദേവസ്വം ബോർഡ് ആസ്ഥാനത്തു നടത്തിയ റെയ്ഡ് നീണ്ടത് ഇരുപത്തിരണ്ടു മണിക്കൂർ. ചെവ്വാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് ഇന്നലെ പുലർച്ചെ നാലിനാണ് അവസാനിച്ചത്.
മരാമത്ത് പണികളുടെ കോണ്‍ട്രാക്ട് സംബന്ധിച്ച സാന്പത്തിക ഇടപാടുകളുടെ രേഖകൾ, ശബരിമലയിൽ സ്പോണ്‍സർഷിപ്പിലൂടെ ലഭിച്ച തുകയുടെയും വഴിപാടിനത്തിൽ ലഭിച്ച തുകയുടെയും രേഖകൾ എന്നിവ ഇഡി പിടിച്ചെടുത്തു. ദേവസ്വം ബോർഡ് ജീവനക്കാരുടെ സാന്നിധ്യത്തിൽ ഓരോ കാര്യങ്ങളും വിശദമായി ചോദിച്ചു മനസിലാക്കിയാണ് ഇഡി ഉദ്യോഗസ്ഥർ രേഖകൾ പിടിച്ചെടുത്തത്.
ദേവസ്വം ബോർഡിന്റെ അധീനതയിൽ നടത്തിയിട്ടുള്ള സാന്പത്തിക ഇടപാടുകളുടെ രേഖകളും ഇഡിയുടെ പരിശോധനയിൽ കണ്ടെടുത്തിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ള ആസൂത്രണം ചെയ്തു നടപ്പാക്കാൻ പല വ്യാജരേഖകളും മുൻ ദേവസ്വം ബോർഡ് അധികൃതരും ഉദ്യോഗസ്ഥരും ചേർന്നു ചമച്ചിരുന്നുവെന്നതിന്റെ തെളിവുകളും ഇഡിക്കു കിട്ടിയെന്നാണു സൂചന.
സ്പോണ്‍സർഷിപ്പിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്ന സംശയം ഇഡിക്ക് ഉണ്ട്. ഇഡിയുടെ ഇന്റലിജൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇക്കാര്യങ്ങൾ വ്യക്തമായിരുന്നു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതികളുടെ 1.3 കോടിയുടെ ആസ്തികള്‍ മരവിപ്പിച്ച് ഇഡി. സംസ്ഥാനത്തിനകത്തും പുറത്തുമായി 21 സ്ഥലങ്ങളില്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയ്ക്കുപിന്നാലെയാണ് ഇഡി നടപടി.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) വ്യവസ്ഥകള്‍ പ്രകാരം കേസിലെ പ്രധാന പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിലാണ് 1.3 കോടി രൂപ മൂല്യംവരുന്ന എട്ട് സ്ഥാവര സ്വത്തുക്കള്‍ മരവിപ്പിച്ചത്.
കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ഇഡി പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതോടൊപ്പം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍നിന്നു 100 ഗ്രാം വരുന്ന സ്വര്‍ണക്കട്ടിയും സ്വര്‍ണം ചെമ്പാക്കിയ രേഖയും ഇഡി പിടിച്ചെടുത്തു.
2019നും 2024നും ഇടയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറപ്പെടുവിച്ച ഉത്തരവും ഇഡി കസ്റ്റഡിയിലെടുത്തു. ദേവസ്വംബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡി ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിട്ടുണ്ട്. "ഓപ്പറേഷന് ഗോള്‍ഡന്‍ ഷാഡോ’ എന്നപേരില്‍ കഴിഞ്ഞ 20ന് കേരളത്തിനുപുറമെ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ 21 സ്ഥലങ്ങളിലായിരുന്നു പരിശോധന.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മുന്‍ ക്ഷേത്ര ഭരണാധികാരികള്‍, സ്വകാര്യ സ്പോണ്‍സര്‍മാര്‍, ജ്വല്ലറികള്‍ എന്നിവരുള്‍പ്പെട്ട ആസൂത്രിതമായ ക്രിമിനല്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്ഐആറുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇഡി അന്വേഷണം.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പ്രതികളിലൊരാളായ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി നല്കിയ ഹര്‍ജി ഹൈക്കോടതി തുടർവാദത്തിനായി മാറ്റി.
കോടതിയില്‍ ഹാജരാക്കുന്നതിനുമുമ്പ് റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് നല്‍കിയില്ല എന്നതടക്കം പ്രതിയുടെ വാദത്തിന് മറുപടി നല്കാന് സര്‍ക്കാരിനു സമയം അനുവദിച്ച ജസ്റ്റീസ് എ. ബദറുദ്ദീന്‍ ഹര്‍ജി 27ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു.
അന്വേഷണവുമായി താന്‍ പൂര്‍ണമായും സഹകരിച്ചെങ്കിലും അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് കാരണമെന്തെന്ന് അറിയിക്കുകയോ അഭിഭാഷകനോടു സംസാരിക്കാന്‍ അനുവദിക്കുകയോ റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് നല്‍കുകയോ ചെയ്തില്ലെന്ന് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
നിയമപരമായ വീഴ്ചകള്‍ വരുത്തിയതിനാല്‍ അറസ്റ്റ് നടപടികള്‍ നിയമവിരുദ്ധമാണെന്നും കേസ് റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
Kerala
തിരുവനന്തപുരം: ജയിലിൽ അഭിഭാഷകനുമായി ചർച്ചയ്ക്ക് അവസരം വേണമെന്ന ആവശ്യവുമായി ശബരിമല സ്വ൪ണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവര് കോടതിയെ സമീപിച്ചു.
ദ്വാരപാലക ശിൽപ്പപാളിക്കേസിൽ കൂടി അറസ്റ്റിന് കോടതി അനുമതി നൽകിയതിനു പിന്നാലെയാണ്, പ്രത്യേകം അഭിഭാഷകനെ വേണമെന്നും ജയിലിൽ കേസ് കാര്യങ്ങൾ ചർച്ച ചെയ്യാൻ അഭിഭാഷകനെ അനുവദിക്കണമെന്നും തന്ത്രി കോടതിയിൽ അപേക്ഷ നൽകിയത്. എന്നാൽ ഇതിനെ എസ്ഐടി എതിർക്കുമെന്നാണു വിവരം. ശ്രീകോവിലിലെ കട്ടിളപ്പാളിയും പ്രഭാമണ്ഡലവും കൊള്ളയടിച്ച കേസിൽ പതിമ്മൂന്നാം പ്രതിയായ തന്ത്രി റിമാൻഡിലാണ്.
സ്വർണപ്പാളികൾ കടത്തിയതിനെക്കുറിച്ച് തന്ത്രിക്ക് കൃത്യമായ അറിവുണ്ടായിരുന്നു എന്നതിനും പോറ്റിക്ക് സ്വർണക്കൊള്ളയ്ക്ക് ഒത്താശ ചെയ്തതിനും ഗൂഢാലോചനയിൽ പങ്കാളിയായതിനുമുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് എസ്ഐടി പറയുന്നു.
കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പ കേസുകൾക്ക് പുറമെ 2017ൽ പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചതിലെ ക്രമക്കേടുകളും എസ്ഐടി അന്വേഷിക്കുകയാണ്. പുതിയ കൊടിമരം സ്ഥാപിച്ചപ്പോൾ പഴയതിലുണ്ടായിരുന്ന വാജിവാഹനം തനിക്ക് അവകാശപ്പെട്ടതെന്നു പറഞ്ഞ് തന്ത്രി കൊണ്ടുപോയിരുന്നു. വാജിവാഹനം ആന്ധ്രയിലെ വൻവ്യവസായിക്ക് നൽകിയെന്നും സ്വർണക്കൊള്ള പുറത്തായതോടെ തിരികെവാങ്ങിയെന്നുമാണ് വിവരം. ഇത് തന്ത്രിയുടെ വീട്ടിൽ നിന്ന് എസ്ഐടി പിടിച്ചെടുത്തിരുന്നു.
കൊടിമരം മാറ്റിയ കാലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ചോദ്യംചെയ്തു. കോൺഗ്രസ് നേതാവായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ ബോർഡ് പ്രസിഡന്റായിരുന്നപ്പോഴാണ് കൊടിമരം മാറ്റിയത്. കൊടിമരത്തിൽ നിന്ന് മാറ്റിയ അഷ്ടദിഗ്പാലകരുടെ ശിൽപങ്ങളും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിന്റെയെല്ലാം വിവരങ്ങളുള്ള തിരുവാഭരണം രജിസ്റ്ററുകൾ നശിപ്പിക്കപ്പെട്ടെന്നാണ് സൂചന.
Kerala
കൊല്ലം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളി കവര്‍ന്ന കേസിലും തന്ത്രി കണ്ഠര് രാജീവര് പ്രതി. കൊല്ലം വിജിലന്‍സ് കോടതിയാണ് പ്രതിചേര്‍ക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന് അനുമതി നല്‍കിയത്.
കോടതിയില്‍നിന്ന് അനുമതി ലഭിച്ചതിനു പിന്നാലെ ജയിലിലെത്തി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി. തന്ത്രി കോടതിയുടെ കസ്റ്റഡിയിലായതിനാല്‍ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്യണമെങ്കില്‍ കോടതിയുടെ അനുമതി വാങ്ങേണ്ടതുണ്ടായിരുന്നു. അതിനാലാണ് ദ്വാരപാലക ശില്പ കേസില്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ കോടതിയുടെ അനുമതി എസ്ഐടി തേടിയത്.
കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നിവ കൊണ്ടുപോകുമ്പോള്‍ തന്ത്രി സന്നിധാനത്ത് ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ കണ്ഠര് രാജീവരെകൂടി കേസില്‍ പ്രതിയാക്കണമെന്ന ആവശ്യമാണ് ഇന്നലെ എസ്ഐടി കോടതിയില്‍ ഉന്നയിച്ചത്.തിരുവിതാംകൂര്‍ ദേവസ്വം മാനുവലിലെ തന്ത്രിയുടെ കടമകള്‍ കട്ടിളപ്പാളി കേസിലെ എസ്ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിരുന്നു.
തന്ത്രി ദേവസ്വം ബോര്‍ഡില്‍നിന്ന് വാങ്ങുന്ന പ്രതിഫലത്തെ പടിത്തരമെന്നാണ് പറയുന്നത്. പടിത്തരം ദക്ഷിണയല്ല, പ്രതിഫലമെന്നാണ് എസ്ഐടിക്ക് ലഭിച്ച നിയമോപദേശം. അസി.കമ്മീഷണറുടെ അതേ ഉത്തരവാദിത്വങ്ങള്‍ വഹിക്കേണ്ട തന്ത്രി ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാനും ബാധ്യസ്ഥനാണെന്നാണ് എസ്ഐടിയുടെ നിലപാട്.
അതേസമയം, ആദ്യകേസിലെ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതു കൊല്ലം വിജിലന്‍സ് കോടതി 19ലേക്ക് മാറ്റി. എസ്ഐടിയുടെ റിപ്പോര്‍ട്ടു കൂടി പരിഗണിച്ചതിനുശേഷം മാത്രമായിരിക്കും തന്ത്രിയുടെ ജാമ്യാപേക്ഷയില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുക. അതിനിടെ മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാന്‍ഡ് 27വരെ നീട്ടി.
വാജിവാഹനം തന്ത്രിയുടെ പക്കൽ: എസ്ഐടി കോടതിയിൽ ഹാജരാക്കി
കൊല്ലം: ശബരിമല തന്ത്രിയുടെ കൈവശം വച്ചിരുന്ന വാജിവാഹനം പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജിവാഹനം തന്ത്രി കണ്ഠര് രാജീവര് കൈവശം വച്ചിരിക്കുകയായിരുന്നു.
ശബരിമലയിലെ വളരെ മൂല്യമുള്ള വസ്തുക്കളില്‍ ഒന്നാണ് വാജിവാഹനം. 2017ല്‍ ശബരിമലയിലെ കൊടിമരം പുതുക്കി മാറ്റിസ്ഥാപിച്ചപ്പോള്‍ അതിലുണ്ടായിരുന്ന പതിനൊന്ന് കിലോ ഭാരമുള്ള പഞ്ചലോഹത്തില്‍ നിര്‍മിതമായ സ്വര്‍ണം പൊതിഞ്ഞ വാജി വാഹനം തന്ത്രി കണ്ഠര് രാജീവര് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. പ്രത്യേക അന്വേഷണംസംഘം ഇന്നലെ കൊല്ലം വിജിലന്‍സ് കോടതിയിലാണ് വാജി വാഹനം സമര്‍പ്പിച്ചത്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിനെതിരേ അതിരൂക്ഷ പരാമര്‍ശവുമായി ഹൈക്കോടതി. ദേവസ്വം ബോര്‍ഡിന്റെ പണിയെന്താണെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസില്‍ പ്രതിചേര്‍ത്തതോടെ ബോര്‍ഡംഗം ശങ്കരദാസ് ആശുപത്രിയില്‍ പോയി കിടക്കുകയാണെന്നും കോടതി വിമർശിച്ചു.
കേസിലെ പ്രതികളായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, ദേവസ്വം ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥന് മുരാരി ബാബു, ജ്വല്ലറി വ്യാപാരി ഗോവര്ധനന് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണു ജസ്റ്റീസ് ബദറുദ്ദീന്‍ ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ചത്. ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ബോര്‍ഡിനുണ്ട്. പത്മകുമാര്‍ ഉത്തരവാദിത്വം കാണിച്ചില്ലെന്നും കോടതി പറഞ്ഞു.
52 ദിവസമായി ജയിലിലാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അഭിഭാഷകന് അറിയിച്ചു. എന്നാല്‍ കേസില്‍ പ്രതിചേര്‍ത്തതോടെ ശങ്കര്‍ദാസ് ആശുപത്രിയില്‍ പോയി കിടക്കുകയാണ്. ഇങ്ങനെയാണോ സഹകരിക്കുന്നത്. അദ്ദേഹത്തിന്റെ മകന് പോലീസ് ഓഫീസറാണ്. എന്ത് അസംബന്ധമാണു കാണിക്കുന്നതെന്നും കോടതി ചോദിച്ചു.
കൊല്ലം സെഷന്‍സ് കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ശങ്കർദാസ് അബോധാവസ്ഥയിലാണെന്ന് അഭിഭാഷകന് അറിയിച്ചിരുന്നു. മെഡിക്കല്‍ രേഖകള്‍ സെഷന്‍സ് കോടതി ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഹൈക്കോടതിയുടെ വിമര്‍ശനമുണ്ടായത്. ഉണ്ണികൃഷ്ണന് പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചെന്നും കോടതി വിര്‍മശിച്ചു.വിശ്വാസികളുടെ താത്പര്യത്തിനായി ദേവസ്വം സ്വത്ത് സംരക്ഷിക്കേണ്ടതു പത്മകുമാറിന്റെ കടമയാണെന്നും കോടതി പറഞ്ഞു.
ദേവസ്വം യോഗത്തിന്റെ കുറിപ്പില്‍ ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയതാണ് അന്വേഷണസംഘം വലിയ തെറ്റായി കാണുന്നതെന്ന് പത്മകുമാറിന്റെ അഭിഭാഷകന് വാദിച്ചു. സ്വര്‍ണം ചെമ്പാക്കുന്നത് ഗുരുതരമായ അപരാധംതന്നെയാണെന്ന് കോടതി പറഞ്ഞു. പിടിക്കപ്പെടരുതെന്ന് ആഗ്രഹമുള്ളവര്‍ ബുദ്ധിപൂര്‍വമാണ് കുറ്റം ചെയ്യുകയെന്ന് കോടതി പറഞ്ഞു.
വാദത്തിനിടെ, ഉണ്ണികൃഷ്ണന് പോറ്റി താത്കാലിക സ്പോൺസറായിരുന്നുവെന്ന് അഭിഭാഷകര്‍ അറിയിച്ചപ്പോഴാണ് ചെറിയ ഇരയിട്ട് വലിയ മീനിനെ പിടിക്കാന്‍ ശ്രമിച്ചതെന്ന് കോടതി വിമര്‍ശിച്ചത്.
ഗോവര്ധന് അയ്യപ്പഭഗവാന്റെ കടുത്ത ആരാധകനാണെന്നും വര്‍ഷങ്ങളായി ക്ഷേത്രത്തിനു വിവിധ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന് വാദിച്ചു. എസ്ഐടി മുമ്പ് പിടിച്ചെടുത്ത സ്വര്‍ണം ഉള്‍പ്പെടെ ശബരിമല ക്ഷേത്രത്തിന് അദ്ദേഹം നല്കിയ ആകെ സംഭാവനകള്‍ 1.4 കോടി രൂപയിലധികമാണെന്നുമായിരുന്നു വാദം. ജാമ്യഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി.
ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനായി നിയമം നിര്‍മിക്കുന്നതിന് സംസ്ഥാനത്തിന് ശിപാര്‍ശ നൽകണമെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് കോടതി വാക്കാല്‍ നിര്‍ദേശിച്ചു. അതില്‍ ഉത്തരവാദിത്വം ലംഘിക്കുന്നതിനുള്ള ശിക്ഷാ വ്യവസ്ഥകളും ഉള്‍പ്പെടുത്തണമെന്നും കോടതി പറഞ്ഞു.
ദേവസ്വം മാന്വലിന്റെ ലംഘനം സംബന്ധിച്ച ഏക ആരോപണം മാത്രമാണ് ഉന്നയിച്ചിരിക്കുന്നതെന്നും ഇതു ശിക്ഷാര്‍ഹമായ കുറ്റമല്ലെന്നും പത്മകുമാറിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് പി. വിജയഭാനു വാദിച്ചതിനെത്തുടര്‍ന്നാണ് നിയമനിര്‍മാണത്തെക്കുറിച്ച് കോടതി പറഞ്ഞത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തതിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ 2026 നിയമസഭാ തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള ‘ഇലക്ഷൻ പ്രതിരോധ കാന്പയിൻ’ ലോഞ്ച് ചെയ്തിരിക്കുകയാണെന്ന് ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ.
തന്ത്രിയെ കുടുക്കിയ അനീതിക്കെതിരേ ഹൈക്കോടതി സ്വമേധയാ ഇടപെടണമെന്നും രാഹുൽ ഈശ്വർ പത്രസമ്മേളനത്തിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണസംഘം രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലും തന്ത്രി കണ്ഠര് രാജീവരെ പ്രതി ചേർക്കും.
കഴിഞ്ഞ ദിവസം ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കടത്താൻ സഹായിച്ചെന്ന കേസിലാണ് തന്ത്രിയെ എസ്ഐടി അറസ്റ്റ് ചെയ്തത്. സ്വർണപ്പാളി കേസിലും തന്ത്രിയെ ഉടൻ പ്രതി ചേർക്കും.
തന്ത്രി കണ്ഠര് രാജീവർക്കെതിരേ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം കഠിനതടവു വരെ കിട്ടാവുന്ന ഗൗരവതരമായ വകുപ്പുകളാണ്. തന്ത്രിയെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പ്രത്യേക അന്വേഷണസംഘം അടുത്ത ദിവസം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
കഴിഞ്ഞ ദിവസം കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്ത തന്ത്രിയെ പൂജപ്പുര സ്പെഷൽ സബ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഗൂഢാലോചന, അനധികൃത സ്വത്ത് സന്പാദനം, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന ഉൾപ്പെടെയുള്ള നിർണായക വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറും ശബരിമലയിലെ ദേവസ്വം ജീവനക്കാരും നൽകിയ മൊഴികളാണ് തന്ത്രിക്കു കുരുക്കായത്.
2004 മുതൽ ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രിയും തമ്മിൽ ബന്ധമുണ്ടെന്നും പോറ്റിയെ ബംഗളൂരുവിലെ ക്ഷേത്രത്തിൽ മേൽശാന്തിയാക്കിയത് തന്ത്രിയാണെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തൽ. 2019 മേയിൽ പോറ്റി കട്ടിളപ്പാളി കടത്തിയപ്പോൾ തന്ത്രിയുടെ മൗനാനുവാദം ഉണ്ടായിരുന്നു. ആ സമയത്തും തന്ത്രി സന്നിധാനത്ത് പൂജ ചെയ്തിരുന്നു.
കട്ടിളപ്പാളി ശ്രീകോവിലിൽ ഇല്ലായിരുന്നുവെന്ന് അദ്ദേഹത്തിനറിയാമായിരുന്നിട്ടും ബന്ധപ്പെട്ടവർക്ക് പരാതി നൽകിയില്ലെന്നാണ് എസ്ഐടി കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
തന്ത്രിയെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയപ്പോഴും കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, താൻ നിരപരാധിയാണെന്നാണ് തന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചത്.
അതേസമയം ശബരിമലയിൽ നിന്നു സ്വർണം കവർച്ച ചെയ്തതിന്റെ ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണെന്നാണ് തന്ത്രിയുടെ അഭിഭാഷകൻ വാദിക്കുന്നത്. തന്ത്രി ആചാരലംഘനം നടത്തിയെന്ന കുറ്റം നിലനിൽക്കില്ലെന്നും അന്വേഷണം അട്ടിമറിക്കാൻ ഗൂഢാലോചനയുണ്ടെന്നും തന്ത്രിയുടെ അഭിഭാഷകൻ ആരോപിച്ചു.
Kerala
കണ്ണൂർ: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രിയില്‍ ചാരി മന്ത്രിയെ രക്ഷപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകരുതെന്നും അത് എസ്ഐടി ശ്രദ്ധിക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉള്‍പ്പെടേണ്ട എല്ലാവരിലേക്കും അന്വേഷണം എത്തണം. ഈ അന്വേഷണത്തിന്റെ ഗതിവിഗതി നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ചില താത്പര്യങ്ങളുണ്ട്. എസ്ഐടിയെ കൂച്ചുവിലങ്ങിടാനുള്ള ശ്രമമുണ്ട്. നിയമം എല്ലാവര്ക്കും ബാധകമാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
പോലീസ് അന്വേഷണത്തിലും കോടതിയുടെ നീരക്ഷണത്തിലുമുള്ള കേസായതിനാല്‍ തന്ത്രിയെ കുടുക്കിയതെന്ന വാദത്തില്‍ മറുപടി പറയാനില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കതിരേ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ. തന്ത്രി പ്രതികൾക്കൊപ്പം ഗൂഢാലോചനയിൽ പങ്കാളിയായി. തന്ത്രി-പോറ്റി ബന്ധം അന്വേഷിക്കണം. വിശ്വാസികളെ വ്രണപ്പെടുത്തി.
കട്ടിളപ്പാളിയിലെ സ്വർണം, പ്രഭാവലയം, എന്നിവ കൊണ്ടുപോയിട്ടും തന്ത്രി ഇടപെടിട്ടില്ല. ആചാരലംഘനത്തിനും പ്രതികൾക്കൊപ്പം ലാഭമുണ്ടാക്കാനും കൂട്ടുനിന്നു എന്നിങ്ങനെയാണ് എസ്ഐടി റിപ്പോർട്ടിലെ പരാമർശങ്ങൾ.
അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ തന്ത്രിയെ റിമാൻഡ് ചെയ്തു. പ്രതിക്കു ജാമ്യം നൽകുന്നതിനെ എതിർത്ത എസ്ഐടി, ജാമ്യം നൽകിയാൽ ആത്മീയ പരിവേഷവും സ്വാധീനവും ഉപയോഗിച്ച് തെളിവു നശിപ്പിക്കാൻ ഇടയുണ്ടെന്നും കോടതിയിൽ വാദിച്ചു. ഇതോടെയാണ് തന്ത്രിക്കു ജാമ്യം നൽകാതെ റിമാൻഡ് ചെയ്തത്.
ഭക്തർക്കിടയിലും സമൂഹത്തിലെ ഉന്നത വ്യക്തികളുമായും അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണു തന്ത്രിയെന്ന് എസ്ഐടി ചൂണ്ടിക്കാട്ടി. സാമ്പത്തിക ഇടപാടുകളിൽ വിശദമായ അന്വേഷണം വേണം. ശബരിമലയിലെ മുതലുകൾ തന്ത്രി അപഹരിച്ചു. ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തിയ തന്ത്രിക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും എസ്ഐടി വാദിച്ചു.
ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ദേവസ്വം ബോർഡ് നിർദേശപ്രകാരം സ്വർണപ്പാളികൾ നൽകിയപ്പോൾ തന്ത്രി തടഞ്ഞില്ല, മൗനാനുവാദം കൊടുത്തു. ദേവസ്വം മാനുവൽ പ്രകാരം തന്ത്രി ക്ഷേത്രചൈതന്യം കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥനാണെന്നും എസ്ഐടിയുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്ഐടി പ്രതിചേര്‍ത്ത തന്ത്രി അടക്കം മുഴുവന്‍ പേരെയും പ്രതിചേര്‍ത്താണ് കള്ളപ്പണം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍നിന്ന് അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് ഇന്നലെയാണ് ഇഡി എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍) രജിസ്റ്റര്‍ ചെയ്തത്. ഇഡി ജോയിന്റ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതലയെന്നാണു വിവരം.
ഒറ്റക്കേസ് ആയിട്ടായിരിക്കും അന്വേഷണം. ഉണ്ണികൃഷ്ണന് പോറ്റി ഒന്നാം പ്രതിയായ കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, എന്‍. വാസു ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കിയാണ് ഇഡി കേസ് എടുത്തത്. ഏറ്റവും ഒടുവില്‍ എസ്ഐടി അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠര് രാജീവരെയും ഇഡി പ്രതിപ്പട്ടികയില്‍ ഉൾപ്പെടുത്തും. വരുംദിവസങ്ങളില്‍ അന്വേഷണത്തിന്റെ ഭാഗമായി റെയ്ഡ്, സ്വത്ത് കണ്ടുകെട്ടല്‍ നടപടികളിലേക്കും ഇഡി കടക്കുമെന്നാണു സൂചന.
കേസില്‍ ഇഡി അന്വേഷണം തുടങ്ങുമെന്നു നേരത്തേതന്നെ വ്യക്തമായിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഇഡിക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടിരുന്നു.
ഇഡിക്ക് കേസ് കൈമാറുന്നതിനുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ എതിര്‍പ്പ് തള്ളിയാണു വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിശദമായി പരിശോധിച്ചശേഷം ഡയറക്ടറേറ്റില്‍നിന്ന് അനുമതി വാങ്ങിയ ശേഷമാണ് ഇഡി കേസെടുത്തിരിക്കുന്നത്.
പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണം നടത്തും.
Kerala
പത്തനംതിട്ട: ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രവുമായി ബന്ധപ്പെട്ട് എന്തു തീരുമാനത്തിന്റെയും അവസാന വാക്ക് താഴമൺ മഠത്തിൽ നിന്നാണ്. മധ്യതിരുവിതാംകൂറിലെ ആദ്യത്തെ തന്ത്രികളുടെ കുടുംബമാണ് ചെങ്ങന്നൂരിലെ താഴമൺ മഠം. പുരാണങ്ങളിൽ ശബരിമലയോളം പെരുമയുള്ള ഈ കുടുംബത്തിനാണ് അയ്യപ്പസന്നിധിയിൽ താന്ത്രിക കർമങ്ങൾ ചെയ്യാൻ അവകാശമുള്ളത്.
പരന്പരാഗതമായി കൈവന്ന ഈ പെരുമയുടെ പിന്നാന്പുറം പരശുരാമന്റെ കാലഘട്ടം വരെ എത്തുന്നതാണ്. കേരളം വീണ്ടെടുത്ത പരശുരാമൻ നടത്തിയ ക്ഷേത്ര പ്രതിഷ്ഠകൾക്കുശേഷം പൂജകൾ നടത്തുന്നതിനു ബ്രാഹ്മണരെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടങ്ങിയിരുന്നു. അതുവഴി കണ്ടെത്തിയവരിൽ ഒരാളാണ് താഴമൺ തന്ത്രി പരന്പരയുടെ തുടക്കക്കാരനെന്നാണ് വിശ്വാസം. ശബരിമലയിലെ എല്ലാ പൂജകളുടെയും മുഖ്യകാർമികത്വവും എല്ലാ ചടങ്ങുകളുടെയും അന്തിമ തീരുമാനവും തന്ത്രിയുടേതാണ്. മേൽശാന്തി തന്ത്രിയുടെ സഹകാർമികനാണ്.
കൊല്ലവർഷം 1084 മീനം 12 ഉത്രം നാളിലാണ് ശബരിമല പ്രതിഷ്ഠ താഴമൺ മഠത്തിലെ തന്ത്രി കണ്ഠര് പ്രഭാകര്‍ നടത്തിയതെന്ന് ശിലാരേഖയിൽ പറയുന്നു. ഇതു പിന്നീട് കൊല്ലവർഷം 1125ൽ തീപിടിത്തത്തിൽ നശിച്ചു. ഇതിനുശേഷം കൊല്ലവർഷം 1126 ഇടവം നാല് അത്തം നക്ഷത്രത്തിലായിരുന്നു ക്ഷേത്രം പുതുക്കി നിർമിച്ചത്. ഇതിൽ പ്രതിഷ്ഠ നടത്തിയത് താഴമൺ മഠം തന്ത്രി കണ്ഠര് ശങ്കര്‍ ആയിരുന്നു. അന്നു പ്രതിഷ്ഠിച്ച പഞ്ചലോഹ നിർമിത ശാസ്ത്രാ വിഗ്രഹമാണ് ഇന്നുള്ളത്. കണ്ഠര് ശങ്കരർക്കുശേഷം മൂന്നും നാലും തലമുറയിൽപെട്ടവരാണ് ഇന്നുള്ള തന്ത്രിമാർ.
ശബരിമലയിൽ മാത്രമല്ല, കേരളത്തിനകത്തും പുറത്തുമുള്ളതായ പ്രസിദ്ധമായ പല അയ്യപ്പക്ഷേത്രങ്ങളുടെയും താന്ത്രികാവകാശം താഴമൺ മഠത്തിനുണ്ട്. കുടുംബത്തിലെ ആൺമക്കളിലൂടെ താന്ത്രികാവകാശം നിലനിർത്തിവരുന്നു. പഞ്ചലോഹം കൊണ്ടു നിർമിച്ച പതിനെട്ടാംപടി 1985 നവംബർ 18ന് പ്രതിഷ്ഠ നിർവഹിച്ചത് തന്ത്രി കണ്ഠര് മഹേശ്വരാണ്. 1999ൽ വിജയ് മല്യ ശബരിമല ക്ഷേത്ര ശ്രീകോവിൽ സ്വർണം പൊതിഞ്ഞശേഷമുള്ള കുംഭാഭിഷേക ചടങ്ങുകളിലും മുഖ്യകാർമകിത്വം കണ്ഠര് മഹേശ്വർക്കായിരുന്നു.
ചെങ്ങന്നൂർ താഴമൺ മഠത്തിലെ തന്ത്രി കുടുംബത്തിലെ അംഗങ്ങളാണ് ഓരോ ടേമിലായി ശബരിമലയിൽ നിലവിൽ താന്ത്രിക കർമങ്ങൾ നിർവഹിച്ചുവരുന്നത്. നിലവിൽ തന്ത്രി കണ്ഠര് രാജീവർക്കും കണ്ഠര് മോഹനരുടെ കുടുംബത്തിനുമാണ് താന്ത്രികാവകാശമുള്ളത്. തന്ത്രിയായിരുന്ന കണ്ഠര് കൃഷ്ണരുടെ മകനാണ് രാജീവര്. കണ്ഠര് മഹേശ്വരരുടെ മകനാണ് മോഹനര്. മഹേശ്വരരുടെ മറ്റൊരു സഹോദരനായിരുന്ന നീലകണ്ഠരുടെ കുടുംബത്തിൽ നിന്ന് ആൺപിന്തുടർച്ച ഇല്ലാതെ പോയതോടെ അവർക്ക് താന്ത്രികാവകാശം നഷ്ടമായി. നീലകണ്ഠരുടെ മകളുടെ മകനാണ് രാഹുൽ ഈശ്വർ.
ശബരിമലയിൽ ഇത്തവണ മോഹനരുടെ മകൻ തന്ത്രി കണ്ഠര് മഹേഷ് മോഹനരാണ് കർമങ്ങൾ നടത്തിവരുന്നത്. രാജീവരുടെ കുടുംബത്തിൽ നിന്ന് അദ്ദേഹത്തിന്റെ മകൻ തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ കഴിഞ്ഞവർഷം ശബരിമലയിലെ താന്ത്രിക കർമങ്ങൾ നിർവഹിച്ചിരുന്നു.
പ്രധാന ചടങ്ങുകളിലെല്ലാം തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യവുമുണ്ടായിരുന്നു. നിലവിൽ തന്ത്രി കുടുംബത്തിലെ മുതിർന്ന തന്ത്രിയാണ് രാജീവര്.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തത് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ. അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, തന്ത്രിയെ സംശയത്തിന്റെ നിഴലിലേക്ക് വലിച്ചിഴയ്ക്കും വിധം ദൈവതുല്യരായി കരുതുന്നവർക്ക് പങ്കുണ്ടെന്ന തരത്തിൽ പരാമർശം നടത്തിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
പിന്നീട് തന്ത്രിയെ എസ്ഐടി വീട്ടിലെത്തി കാണുകയും മൊഴിയെടുക്കുകയും ചെയ്തു. എസ്ഐടി ആസ്ഥാനത്തും അദ്ദേഹത്തെ വിളിച്ചുവരുത്തി.
ശബരിമലയിലെ സ്വർണപ്പാളി അറ്റകുറ്റപ്പണി നടത്താൻ അഴിച്ചുമാറ്റിയതും പുറത്തു കൊണ്ടുപോയതും അന്ന് തന്ത്രിയായിരുന്ന രാജീവരുടെ അനുമതിയോടെയാണെന്ന തരത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരുടെ മൊഴിയും എസ്ഐടിക്കു ലഭിച്ചിരുന്നു.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ പരികർമിയാക്കിയത് തന്ത്രി കണ്ഠര് രാജീവരുടെ ശിപാർശ പ്രകാരമായിരുന്നു എന്നതാണ് അറസ്റ്റിന് പ്രധാന കാരണം. കൂടാതെ പാളികൾ ശ്രീകോവിലിൽ നിന്നും ഇളക്കി കൊണ്ടുപോകാൻ അനുജ്ഞ നൽകിയതും ഇതേ തന്ത്രിയാണ്.
ഉരായ്മക്കാരായ തിരുവിതാംകൂർ ദേവസ്വം ബോർഡ് പാളി അറ്റകുറ്റപ്പണികൾക്ക് ഇളക്കി കൊണ്ടുപോകാൻ തീരുമാനിച്ചു കഴിഞ്ഞാൽ തന്ത്രിക്ക് അനുമതി നൽകാതിരിക്കാൻ കഴിയില്ലെന്നതാണ് മറുവാദം. എന്നാൽ ശബരിമലയിൽ നിന്നും ഇതര സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോയ പാളികൾ തന്ത്രി കണ്ഠര് രാജീവരുമായി ബന്ധമുള്ള ക്ഷേത്രങ്ങളിലെത്തിച്ചതും അന്വേഷണ വിഷയത്തിലുൾപ്പെട്ടു.
സ്വർണം പൂശിയ പാളികൾ എന്ന് വ്യക്തമായി രേഖപ്പെടുത്തിയാണ് തന്ത്രി കണ്ഠര് രാജീവർ ദേവസ്വം ബോർഡിന് കത്ത് നൽകിയിട്ടുള്ളതെന്ന് പറയുന്നു. പാളികൾ കടത്തിക്കൊണ്ടുപോകും മമ്പ് തയാറാക്കിയ മഹസറിൽ തന്ത്രി ഒപ്പിട്ടിരുന്നതുമില്ല. കഴിഞ്ഞവർഷം ദ്വാരപാലക ശില്പപാളികൾ ഇളക്കി കൊണ്ടുപോയപ്പോഴും ശബരിമല ക്ഷേത്രത്തിന്റെ താന്ത്രിക ചുമതല കണ്ഠര് രാജീവർക്കു തന്നെയായിരുന്നു.
എന്നാൽ ബംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ 2007-ൽ ശബരിമലയിൽ എത്തിച്ചത് ആ ക്ഷേത്രത്തിലെ തന്ത്രി കൂടിയായിരുന്ന കണ്ഠര് രാജീവരാണ്. ഇക്കാര്യത്തിൽ പലതവണ എസ്ഐടി തന്ത്രിയിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു.
2018-ൽ യുവതി പ്രവേശനത്തിനെതിരേ ശക്തമായ നിലപാടെടുത്ത കണ്ഠര് രാജീവർക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി രംഗത്തുവന്നതാണ്.
പത്തനംതിട്ടയിൽ തന്ത്രിക്കെതിരേ വിവാദ പരാമർശം ഉയർത്താനും അന്ന് പിണറായി ശ്രമിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ പന്പയിൽ നടന്ന അയ്യപ്പ സംഗമത്തിന് തിരിതെളിക്കാൻ രാജീവരെ ഒഴിവാക്കി കണ്ഠര് മോഹനരെയാണ് സർക്കാർ ക്ഷണിച്ചത്. വിവാദങ്ങളിൽപെട്ട കണ്ഠര് മോഹനരെ ശബരിമലയിലെ താന്ത്രിക കർമങ്ങളിൽ നിന്നും മാറ്റിനിർത്തിയിരിക്കുകയുമാണ്.
Kerala
തിരുവനന്തപുരം: സ്വർണപ്പാളി കേസ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കു തിരിച്ചടിയായെന്ന് മുന്നണി യോഗത്തിൽ പാർട്ടി നേതാക്കൾ. സിപിഎം നേതാക്കൾ മാത്രമാണ് ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടു സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് അവലോകനമായിരുന്നു യോഗത്തിലെ പ്രധാന അജൻഡ.
പാർട്ടികൾ അവരുടെ യോഗം ചേർന്നു നടത്തിയ അവലോകനത്തിന്റെ പ്രധാന കാര്യങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. ഭരണവിരുദ്ധ വികാരം ഉണ്ടെന്നോ ഇല്ലെന്നോ മനസിലാക്കാൻ കഴിഞ്ഞില്ല. സ്വർണപ്പാളിക്കേസിൽ തുടക്കത്തിലേ നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ പ്രതിപക്ഷത്തിന് അതിത്രത്തോളം ആയുധമാക്കാൻ കഴിയില്ലായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.
ഇതുമൂലം ഹിന്ദുവോട്ടുകൾ യുഡിഎഫിന് അനുകൂലമായി മാറി. ന്യൂനപക്ഷങ്ങൾക്കെതിരായുള്ള വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങൾ അവരെയും മുന്നണിക്ക് എതിരാക്കിയെന്നും നേതാക്കൾ അഭിപ്രായ പ്പെട്ടു. വീഴ്ചകൾ തിരുത്തി മുന്നോട്ടു പോയില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കുന്ന മുന്നേറ്റം ഉണ്ടാക്കാൻ കഴിയില്ലെന്നുമായിരുന്നു പാർട്ടികളുടെ വിലയിരുത്തൽ.
ന്യൂനപക്ഷ മേഖലകളിൽ വലിയ തിരിച്ചടിയുണ്ടായി. ഇതിന്റെ കാരണങ്ങൾ കണ്ടെത്തി മുന്നോട്ടു പോകണം. ഭൂരിപക്ഷ സമുദായത്തോടൊപ്പം ന്യൂനപക്ഷങ്ങളും അകന്നാൽ വലിയ തിരിച്ചടി നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാകും. നയപരമായ കാര്യങ്ങളിൽ സർക്കാർ തീരുമാനമെടുക്കുന്പോൾ ഇടതുമുന്നണിയിൽ ചർച്ച ചെയ്യണം. മുന്‍പൊക്കെ ഇതു കൃത്യമായി ചെയ്യുമായിരുന്നു. ഇപ്പോഴതില്ല.
പിഎംശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പിട്ടത് ഇടതുനയത്തിനു കടകവിരുദ്ധമായിരുന്നു. ഇതു മുന്നണിയിൽ ചർച്ച ചെയ്തിരുന്നുവെങ്കിൽ പിന്നീടു വിവാദങ്ങൾ ഉണ്ടാകുമായിരുന്നില്ല. മുന്നണിക്കു നേതൃത്വം നൽകുന്ന സിപിഎമ്മും ബിജെപിയുമായുള്ള അന്തർധാരയാണിതെന്നു പ്രതിപക്ഷവും മാധ്യമങ്ങളും പ്രചാരണം നടത്തി. ഇതും തെരഞ്ഞെടുപ്പിൽ ചർച്ചയായി.
സർക്കാർ തലത്തിൽ കൈക്കൊള്ളുന്ന സ്വന്തം വകുപ്പിലെ തീരുമാനങ്ങളുടെ പുരോഗതി മന്ത്രിമാർക്ക് അറിയാൻ പോലും കഴിയുന്നില്ല. ഇതു കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ തന്നെ ചൂണ്ടിക്കാണിച്ചതാണ്. ഇങ്ങനെയായിരുന്നു ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗത്തിൽ പങ്കെടുത്ത് നേതാക്കൾ നടത്തിയ വിമർശനം.
സ്വർണപ്പാളി കേസും വെള്ളാപ്പള്ളിയുടെ ന്യൂനപക്ഷവിരുദ്ധ പരാമർശങ്ങളും ഭരണവിരുദ്ധ വികാരവും തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കു കാരണമായെന്ന സിപിഐയുടെ വിലയിരുത്തൽ മുന്നണി യോഗത്തിലും പാർട്ടി നേതാക്കൾ ആവർത്തിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നതല്ലെങ്കിലും തിരിച്ചുവരാൻ ഒരു ബുദ്ധിമുട്ടും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു.
മറ്റിടങ്ങളിൽ നടക്കുന്നതുപോലുള്ള പരാജയം നമുക്കു സംഭവിച്ചിട്ടില്ല. ഇനി മൂന്നു മാസം മുന്നിലുണ്ട്. ലൈഫ് പദ്ധതിയടക്കം ഫലപ്രദമായി പൂർത്തിയാക്കാൻ സാധിച്ചാൽ നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയും. ഇതിനു മന്ത്രിമാർ അവരുടെ വകുപ്പുകളിലെ പദ്ധതികൾ ശരിയായി വിശകലനം ചെയ്തു പൂർത്തീകരിക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ അടക്കമുള്ള മൂന്നു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ 12നു പരിഗണിക്കാന്‍ മാറ്റി.
പത്മകുമാറിനു പുറമേ സ്വര്‍ണവ്യാപാരി ഗോവര്ധന്, മുരാരി ബാബു തുടങ്ങിയവരുടെ ജാമ്യഹര്‍ജികളാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ ബെഞ്ചിലുള്ളത്.
പത്മകുമാര്‍ അടക്കമുള്ളവരുടെ ജാമ്യഹര്‍ജികളെ എതിര്‍ത്ത് എസ്ഐടി നേരത്തേ വിശദീകരണം നല്‍കിയിരുന്നു. മുരാരി ബാബുവിന്റെ ഹര്‍ജി നേരത്തേ തള്ളിയിരുന്നു.
Kerala
കൊല്ലം: ശബരിമല ക്ഷേത്ര ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ചതുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ. വാസുവിന്റെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്കു ദീർഘിപ്പിച്ചു.
കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിതാണ് വാസുവിനെ 19 വരെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടത്. ഇന്നലെ വാസുവിനെ കോടതിയിൽ ഹാജരാക്കിയിരുന്നു.
ഇതേസമയം, ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് മുൻകൂർ ജ്യാമ്യാപേക്ഷയുമായി കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി സമീപിച്ചു. അപേക്ഷ ഇന്നു പരിഗണിച്ചേക്കും.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നാളെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ കൂടുതല്‍ തെളിവ് തേടി പ്രത്യേക അന്വേഷണ സംഘം.
അന്വേഷണം ആരംഭിച്ച് ഇത്രയുമായിട്ടും നഷ്ടപ്പെട്ട സ്വര്‍ണം വീണ്ടെടുക്കാനായില്ല എന്നത് എസ്ഐടിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ചോദ്യംചെയ്യലില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നഷ്ടപ്പെട്ട സ്വര്‍ണം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചതായാണ് സൂചന.
കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന് പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്ധന് എന്നിവരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തതില്‍നിന്ന് എസ്ഐടിക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍, ശബരിമലയില്‍നിന്നു കൊണ്ടുപോയ സ്വര്‍ണം കണ്ടെത്താന്‍ അന്വേഷണസംഘം ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്.
തന്റെ ജ്വല്ലറിയില്‍നിന്ന് അന്വേഷണസംഘം പിടിച്ചെടുത്തത് ശബരിമലയില്‍നിന്നു കൊണ്ടുപോയതിനു തത്തുല്യമായ സ്വര്‍ണമാണെന്നാണ് ചോദ്യംചെയ്യലില്‍ ഗോവര്ധന് വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ഇത് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. ശബരിമലയില്‍നിന്നു ശേഖരിച്ച സാമ്പിളുകളും പങ്കജ് ഭണ്ഡാരിയില്നിന്നും ഗോവര്ധനില്നിന്നും പിടിച്ചെടുത്ത സ്വര്‍ണവുമായി നടത്തുന്ന ശാസ്ത്രീയ പരിശോധനാഫലം കേസില്‍ നിര്‍ണായകമാകുമെന്നാണ് എസ്ഐടിയുടെ വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട പരിശോധനാഫലം വ്യാഴാഴ്ചയോടെയേ ലഭ്യമാവുകയുള്ളൂ. കേസില്‍ രാജ്യാന്തര ഇടപെടല്‍ നടന്നിട്ടുണ്ടോ എന്ന കാര്യവും സ്ഥിരീകരിക്കാന്‍ ഇതുവരെ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടില്ല.
അതേസമയം, കേസില്‍ കൂടുതല്‍ തെളിവു കണ്ടെത്താനുള്ള ശ്രമങ്ങളും എസ്ഐടി ഊര്‍ജിതമാക്കി. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്തതില്‍നിന്ന് അന്വേഷണസംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ വൈകാതെ വീണ്ടും വിളിച്ചുവരുത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ശബരിമലയില്‍നിന്ന് വിഗ്രഹം കടത്തിയെന്ന വെളിപ്പെടുത്തലിലും അന്വേഷണം പുരോഗമിക്കുകയാണ്.
National
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സോണിയ ഗാന്ധിയേയും എസ്ഐടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.
ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള കൂടിക്കാഴ്ചയില്‍ സോണിയ ഗാന്ധിയുടെ മൊഴി നിര്‍ണായകമാണ്.
സോണിയ ഗാന്ധിയുടെ വസതിയില്‍ എങ്ങനെയാണ് ഉണ്ണികൃഷ്ണന് പോറ്റിയ്ക്ക് പ്രവേശനം ലഭിച്ചത്? സോണിയ ഗാന്ധിക്കും അടൂര്‍ പ്രകാശിനും ഉണ്ണിക്കൃഷ്ണന് പോറ്റിയുമായുള്ള ബന്ധം ഞെട്ടിക്കുന്നതാണ്.
ഗൂഢാലോചന പുറത്ത് വരണം. പദവി നോക്കാതെ സോണിയ ഗാന്ധിയെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Kerala
പറവൂര്‍: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടില്ലെന്നും അന്വേഷണം തടസപ്പെടുത്തിയിട്ടില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം അവാസ്തവമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പത്രസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരമായി എസ്ഐടിയുടെ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുകയും അന്വേഷണസംഘത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നുണ്ട്.
ഏറ്റവും അവസാനമായി സിപിഎം ബന്ധമുള്ള രണ്ട് ഉദ്യോഗസ്ഥരെ എസ്ഐടിയില്‍ നിയമിച്ചു. സിപിഎം ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ എസ്ഐടിയില്‍ കടന്നുകയറി അന്വേഷണ രഹസ്യങ്ങള്‍ സിപിഎമ്മിനു ചോര്‍ത്താനുള്ള ശ്രമമാണു നടക്കുന്നത്. സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണു സര്‍ക്കാര്‍ നടത്തുന്നത്.
ഹൈക്കോടതി നിയോഗിച്ച എസ്ഐടി, ഉണ്ണികൃഷ്ണന് പോറ്റിയുടെ ഒപ്പം ആരൊക്കെ ഫോട്ടോയെടുത്തു എന്നല്ല അന്വേഷിക്കേണ്ടത്. ശബരിമലയിലെ സ്വര്‍ണം കവര്‍ന്നത് ആരാണ്, എവിടെയാണു വിറ്റത്, ഏതു കോടീശ്വരനാണ് ദ്വാരപാലക ശില്പം നല്‍കിയത് തുടങ്ങിയ കാര്യങ്ങളാണ്.
സംസ്ഥാന വ്യാപകമായി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും സിപിഎം ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. വടക്കാഞ്ചേരിയില്‍ യുഡിഎഫ് സ്വതന്ത്രനെ സ്വാധീനിക്കാന്‍ 50 ലക്ഷം രൂപയാണു സിപിഎം നല്‍കിയത്. ഇതുതന്നെയാണ് മറ്റത്തൂരിലും സംഭവിച്ചത്. ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് പണം നല്കി ആളെ സ്വാധീനിക്കാന്‍ ബിജെപിയെപ്പോലെ ശ്രമിക്കുന്നത്.
വെള്ളാപ്പള്ളിയിലൂടെ പുറത്തുവരുന്നത് മുഖ്യമന്ത്രിയുടെ വാക്കുകളാണ്. എന്തടിസ്ഥാനത്തിലാണ് കലാപമുണ്ടാക്കാന്‍ പോകുന്നുവെന്ന് വെള്ളാപ്പള്ളി പറയുന്നത്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ മുഖ്യമന്ത്രിക്കു കീഴിലുള്ള പോലീസ് നടപടിയെടുക്കണ്ടേ. എത്ര ഹീനമായ വര്‍ഗീയതയാണു പറയുന്നത്. സംഘപരിവാര്‍ നടത്തുന്ന വിദ്വേഷത്തിന്റെ പ്രചാരണമാണു പിണറായി വിജയന്റെ നേതൃത്വത്തിലുള്ളവര്‍ നടത്തുന്നതെന്നും സതീശന് ആരോപിച്ചു.
National
തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശില്പത്തിലേയും കട്ടിളപ്പാളിയിലേയും സ്വർണം മാത്രമല്ല, ശ്രീകോവിലിലെ കട്ടിളയ്ക്ക് മുകളിൽ പതിപ്പിച്ച ശിവരൂപ-വ്യാളീരൂപവുമടങ്ങിയ പ്രഭാമണ്ഡലത്തിലെ പാളികളിലെ സ്വർണവും കൊള്ളയടിച്ചതായി പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്.
ശ്രീകോവിലിന്റെ വാതിൽക്കട്ടിളയിൽ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങൾ ആലേഖനം ചെയ്ത രണ്ട് ചെന്പുപാളികൾ, രാശി ചിഹ്നങ്ങൾ ആലേഖനം ചെയ്ത രണ്ടു പാളികൾ, കട്ടിളയിലെ മുകൾപ്പടിയിലെ പാളി എന്നിവയിലെ സ്വർണം അപഹരിച്ചതായാണ് കണ്ടെത്തൽ.
ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിലും കട്ടിളപ്പാളിയിൽനിന്ന് കവർന്നതെന്ന് കരുതുന്നതിലും കൂടുതൽ സ്വർണം കൊള്ളയടിച്ചിട്ടുണ്ടാകുമെന്നാണ് എസ്ഐടി റിപ്പോർട്ട്. ഇതുവരെ 989 ഗ്രാം കവർന്നതായാണ് പുറത്തുവന്ന വിവരം. എന്നാൽ വിഎസ്എസ്സിയിലെ ശാസ്ത്രീയ പരിശോധന പൂർത്തിയാകുന്പോൾ കൊള്ളയുടെ വ്യാപ്തി ഉയരും.
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് രാസമിശ്രിതം ഉപയോഗിച്ച് വേർതിരിച്ചത് 989 ഗ്രാം സ്വർണമെന്നാണ് അവരുടെ പക്കലുള്ള രേഖ. വശങ്ങളിലെ പാളികളിൽനിന്ന് 409 ഗ്രാം, ദ്വാരപാലക ശിൽപത്തിലെ 14 പാളികളിൽ നിന്നായി 577ഗ്രാം, മറ്റിടങ്ങളിൽനിന്ന് മൂന്ന് ഗ്രാം എന്നിങ്ങനെ വേർതിരിച്ചെന്നാണ് കണ്ടെത്തൽ.
ശ്രീകോവിലിന്റെ ഇരുഭാഗങ്ങളിലെയും ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ 2019 ജൂലൈ 19നും, ശിൽപങ്ങളിലെ തെക്കും വടക്കും ഭാഗത്തെ പില്ലർ പ്ലേറ്റുകളിലെ പാളികൾ 2019 ജൂലൈ 20നുമാണ് ഇളക്കിയെടുത്തത്. പണിക്കൂലിയായി മൂന്നുലക്ഷം രൂപയായി. ഇതിന് വേർതിരിച്ച സ്വർണത്തിൽ 96.021 ഗ്രാം സ്മാർട്ട് ക്രിയേഷൻസ് എടുത്തു.
വേർതിരിച്ചതിൽ 394 ഗ്രാം സ്വർണം വീണ്ടും പാളികളിൽ പൂശി. ബാക്കി 474.957 ഗ്രാം പോറ്റിയുടെ ഇടനിലക്കാരൻ കൽപേഷ് വഴി ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന് എത്തിച്ചെന്നാണ് കണ്ടെത്തൽ.
സ്വർണം വേർതിരിച്ചതിനുള്ള കൂലിയായി സ്മാർട്ട് ക്രിയേഷൻസ് എടുത്തതിന് തുല്യമായ 109.243ഗ്രാം പങ്കജ് ഭണ്ഡാരിയിൽനിന്ന് പിടിച്ചെടുത്തു. ഗോവർധന് കൈമാറിയ സ്വർണത്തിന് തുല്യമായ 474.96 ഗ്രാം സ്വർണം ജ്വലറിയിൽനിന്നു പിടിച്ചെടുത്തു. ഇതിനേക്കാൾ സ്വർണം ദ്വാരപാലക ശില്പങ്ങളിലും കട്ടിള പാളികളിലുണ്ടായിരുന്നതായി എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.
ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഭണ്ഡാരിയും ഗോവർധനും എസ്ഐടി കസ്റ്റഡിയിൽ
കൊല്ലം: ശബരിമല സ്വർണ്ണകൊള്ള കേസുകളിൽ കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതികളെ ഒരുദിവസത്തേക്ക് കൊല്ലം വിജിലൻസ് കോടതി എസ്ഐടി കസ്റ്റഡിയിൽ വിട്ടു.
ഉണ്ണിക്കൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വർണവ്യാപാരിയും ജ്വല്ലറി ഉടമയുമായ ഗോവർദ്ധൻ എന്നിവരെയാണ് കൊല്ലം വിജിലൻസ് കോടതി എസ്ഐടി കസ്റ്റഡി അനുവദിച്ചത്. സ്വർണം വേർതിരിച്ചതിലും വിതരണം ചെയ്യുന്നതിലും ഇവർക്ക് പങ്കുണ്ടെന്നും, സ്വർണവ്യാപാരിയും ജ്വല്ലറി ഉടമയുമായ ഗോവർധൻ ഇടപാടിലെ പ്രധാന കണ്ണിയാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കഴിഞ്ഞ ദിവസം മൊഴിയെടുത്ത അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിദേശയാത്രകൾ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നു.
2016 മുതൽ 2021 വരെ കടകംപള്ളി സുരേന്ദ്രൻ മന്ത്രിയായിരുന്ന കാലയളവിൽ നടത്തിയ 13 വിദേശ സന്ദർശനങ്ങളുടെയും വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. ഇതിൽ അഞ്ച് സ്വകാര്യ വിദേശ സന്ദർശനങ്ങളുമുണ്ടായിരുന്നതായാണ് വിവരം.
ഇതോടൊപ്പം ബംഗളൂരു, ചെന്നൈ അടക്കമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രാ വിവരങ്ങളും ശേഖരിക്കും. ബംഗളൂരുവിലെ നക്ഷത്ര ഹോട്ടലിൽ സ്വർണക്കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചിരുന്നതിന്റെ ചില വിവരങ്ങൾ എസ്ഐടിക്കു ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളും മൊഴി എടുത്തപ്പോൾ ചോദിച്ചിരുന്നു. ഇതിൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം.
ഇതോടൊപ്പം ഇപ്പോൾ കസ്റ്റഡിയിൽ ലഭിച്ച ഉണ്ണിക്കൃഷ്ണൻ പോറ്റിയോടും കടകംപള്ളി സുരേന്ദ്രന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായി ചോദ്യം ചെയ്യേണ്ടതുണ്ട്. കടകംപള്ളി സുരേന്ദ്രനെ വെള്ളപൂശാൻ സർക്കാർ, പ്രത്യേക അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കം ആരോപണം ഉന്നയിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കാൻ ഹൈക്കോടതി നിയോഗിച്ച എസ്ഐടിയിൽ സിപിഎം നേതൃത്വവുമായി ബന്ധമുള്ള രണ്ട് സിഐമാരെ നിയോഗിച്ചത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യത തകർക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഹൈക്കോടതിയുടെ മുന്നിൽ വന്ന രണ്ടു പേരുകളാണ് അംഗീകരിക്കപ്പെട്ടതെന്ന് മനസിലാക്കുന്നു. പേരുകൾ വന്നതിന് പിന്നിൽ സംസ്ഥാനത്തെ രണ്ടു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ആസ്ഥാനത്തിരുന്ന് സിപിഎമ്മിനു വേണ്ടി വിടുപണി ചെയ്യുന്ന ഉന്നതനുമാണ്.
ക്രമസമാധാന ചുമതലയിൽ ഇരുന്നപ്പോൾ ഇതേ ഉദ്യോഗസ്ഥൻ കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ കള്ളക്കേസുകൾ ചുമത്തി കുപ്രസിദ്ധനായ വ്യക്തിയാണ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഇരുന്ന് സിപിഎമ്മിനു വേണ്ടി അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇയാൾ നടത്തുന്നത്.
എസ്ഐടിയുടെ നീക്കങ്ങൾ സർക്കാരിലേക്കു ചോർത്തുകയും അന്വേഷണത്തെ വഴിതിരിച്ചുവിട്ട് യഥാർഥ കുറ്റവാളികളെ സംരക്ഷിക്കുകയുമാണ് സംഘത്തിന്റെ ലക്ഷ്യം.
ശബരിമലയിലെ സ്വർണക്കൊള്ള കേസ് അട്ടിമറിക്കാനുള്ള സർക്കാരിന്റെയും സിപിഎമ്മിന്റെയും നീക്കത്തിന് പോലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നു. ഹൈക്കോടതിയുടെ ഇടപെടൽ പോലും അട്ടമറിക്കാനാണ് ഇവരുടെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ രാജ്യാന്തര ബന്ധം സംശയിക്കുന്ന സൂത്രധാരൻ ദിണ്ഡിഗൽ സ്വദേശി ഡി. മണി എന്തിന് കള്ളം പറഞ്ഞുവെന്നു പരിശോധിക്കാൻ പ്രത്യേക അന്വേഷണസംഘം.
ഡയമണ്ട് മണിയെന്ന് അറിയപ്പെടുന്ന മണി, താൻ ഡി. മണിയല്ല, എം.എസ്. മണിയാണെന്ന് അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത് എന്തിനാണെന്നാണ് എസ്ഐടി പരിശോധിക്കുന്നത്. ഇതിൽനിന്നുതന്നെ മണിയുടെ രാജ്യാന്തര ബന്ധം വ്യക്തമാകുമെന്നാണു സൂചന.
തനിക്ക് സ്വർണത്തിന്റെയോ ഡയമണ്ടിന്റെയോ ബിസിനസുകൾ ഇല്ലെന്നാണ് ഡി. മണി വെള്ളിയാഴ്ച ചോദ്യം ചെയ്തപ്പോൾ അന്വേഷണസംഘത്തോടു പറഞ്ഞത്. ഇതു സംബന്ധിച്ച കാര്യങ്ങൾ തെളിയിക്കുന്നതിനായി ഡി. മണിയുടെയും കൂട്ടാളികളുടെയും ബാങ്ക് അക്കൗണ്ട് സംബന്ധിച്ച രേഖകൾ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും.
സ്വർണ ബിസിനസുമായി ബന്ധപ്പെട്ടവരുമായി പണം കൈമാറ്റം നടന്നിട്ടുണ്ടോയെന്ന് അറിയാനാണ് പ്രധാന ശ്രമം. സ്വർണ വ്യാപാരവുമായി ബന്ധപ്പെട്ട മറ്റുചില ഇടപാടുകാരിൽ നിന്നും മണിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
ജനുവരി അഞ്ചിനോ ആറിനോ ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് എസ്ഐടി ഇയാൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിൽ എന്തെങ്കിലും തെളിവ് ലഭിച്ചാൽ വിശദമായി ചോദ്യം ചെയ്യും. മണിയുടെ സഹായി ശ്രീകൃഷ്ണനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചു നോട്ടീസ് നൽകിയിട്ടുണ്ട്.
ഡി. മണിയെന്ന് വിളിപ്പേരുള്ളത് എം.എസ്. മണി തന്നെയാണെന്നു കഴിഞ്ഞ ദിവസം എസ്ഐടി സ്ഥിരീകരിച്ചിരുന്നു. ബാലമുരുകനെയാണ് എം.എസ്. മണി വിളിക്കാറുള്ളതെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു. മണി മറ്റുള്ളവരുടെ പേരിലാണ് മൊബൈൽ ഫോണ്‍ കണക്ഷനുകൾ എടുക്കുന്നത്. കഴിഞ്ഞ ദിവസം ദിണ്ഡിഗലിൽ എത്തിയ എസ്ഐടി മണിയെ ചോദ്യംചെയ്തിരുന്നു. ഇയാളുടെ സ്ഥാപനത്തിൽ പരിശോധനയും നടത്തിയിരുന്നു.
താൻ നിരപരാധിയാണെന്നും നിയമപരമല്ലാത്ത ഒരു ബിസിനസും നടത്തുന്നില്ലെന്നും മണി പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും വ്യക്തമാക്കിയിരുന്നു.
സ്വർണക്കടത്തിനു പിന്നിൽ രാജ്യാന്തര ലോബിയുണ്ടെന്നും ഇതിലെ മുഖ്യകണ്ണിയാണ് ഡി. മണിയെന്നുമായിരുന്നു പ്രവാസി വ്യവസായി പ്രത്യേക അന്വേഷണസംഘത്തിനു മൊഴി നൽകിയത്. പ്രവാസി വ്യവസായിക്ക് ഇക്കാര്യങ്ങൾ അറിയാമെന്ന വിവരം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് എസ്ഐടിയെ അറിയിച്ചത്. ഇതോടെയാണ് ദിണ്ഡിഗൽ മണിയെ തേടി പോലീസ് എത്തിയത്.
ദുരൂഹതകളുടെ കൂടാരമാണ് മണിയെന്നും വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളുവെന്നുമാണ് എസ്ഐടി നിലപാട്.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി മോഷണത്തിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ തെളിവുണ്ടെങ്കിൽ കോടതിയിൽ രേഖകൾ ഹാജരാക്കട്ടെ എന്ന് കടകംപള്ളി സുരേന്ദ്രന്റെ അഭിഭാഷകൻ കോടതിയിൽ.
സ്വർണപ്പാളി വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോൾ കാര്യങ്ങൾ കൃത്യമായി വ്യക്തമാക്കിയതാണ്. എന്നിട്ടും വീണ്ടും പത്രസമ്മേളങ്ങൾ വിളിച്ചു തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രതിപക്ഷ നേതാവ് നടത്തുന്ന പ്രസ്താവനകൾ ന്യായീകരിക്കാൻ കഴിയില്ലെന്നും അത്തരം രീതികൾ ഒരു രാഷ്ട്രീയ നേതാവിനു യോജിച്ചതല്ലെന്നും കടകംപള്ളി സുരേന്ദ്രന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
പ്രതിപക്ഷ നേതാവിനെതിരേ കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ടക്കേസ് അവസാനിക്കുന്നതു വരെ സ്വർണപ്പാളി വിഷയത്തിൽ കടകംപള്ളിക്കെതിരേ മോഷണ പരാമർശം നടത്തുന്നതിനു സ്റ്റേ ആവശ്യപ്പെട്ട് കടകംപള്ളി സമർപ്പിച്ച ഇടക്കാല ഹർജിയുടെ വാദമാണ് കോടതി പരിഗണിക്കുന്നത്.
കടകപള്ളിയുടെ വാദം ക്രിസ്മസ് അവധിക്കു ശേഷം ജനുവരി അഞ്ചിന് വീണ്ടും തുടരും. തിരുവനന്തപുരം രണ്ടാം അസിസ്റ്റന്റ് സബ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. 2016 മുതൽ 2021 വരെയാണ് കടകംപള്ളി ദേവസ്വം മന്ത്രി ആയിരുന്നത്. ഈ കാലയളവിലാണ് തിരിമറി നടന്നിട്ടുള്ളത്.
ഇതിൽ ഉദ്യോഗസ്ഥർക്കും ദേവസ്വം ബോർഡ് അംഗങ്ങൾക്കും ഉള്ളതു പോലുള്ള ഉത്തരവാദിത്വം മന്ത്രി എന്ന നിലയിൽ കടകംപള്ളിക്കും ഉണ്ടെന്നാണ് സതീശന്റെ വാദം. കടകംപള്ളിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പ്രസ്താവന താൻ നടത്തിയിട്ടില്ലെന്നും ഉത്തമബോധ്യത്തിൽ നടത്തിയ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായും സതീശൻ മറുപടിയിൽ വ്യക്തമാക്കി.
സതീശൻ മാപ്പു പറയണമെന്നും സമാന പ്രസ്താവന നടത്തില്ലെന്ന് ഉറപ്പു വരുത്തണമെന്നും നടത്തിയ പ്രസ്താവനയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് കടകംപള്ളി സുരേന്ദ്രൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്.
Kerala
കൊല്ലം: ശബരിമല സ്വർണപ്പാളി കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജുഡീഷൽ റിമാൻഡ് കാലാവധി രണ്ടാഴ്ചത്തേക്കു ദീർഘിപ്പിച്ചു.
കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിൽ നാളെയാണ് റിമാൻഡ് കാലാവധി അവസാനിക്കുന്നത്. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളി അപഹരിച്ച കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യഹർജി 22നു പരിഗണിക്കും. ഈ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ട് കോടതി തേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ട ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു ജയിലിലേക്ക് അയച്ചു. ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളി അപഹരിച്ച കേസിൽ മുരാരി ബാബുവിനെയും കട്ടിളയിലെ സ്വർണപ്പാളി അപഹരിച്ച കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും രണ്ടു ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ടിരുന്നു.
പുതുതായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യണമെന്ന എസ്ഐടി ആവശ്യം പരിഗണിച്ചാണ് കസ്റ്റഡിയിൽ വിട്ടത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി.ശബരിമല ക്ഷേത്രത്തിലെ സ്വർണാപഹരണവുമായി ബന്ധപ്പെട്ട കേസിലെ വിവരങ്ങളുടെ സർട്ടിഫൈഡ് പകർപ്പ് കൈമാറണമെന്നാവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷ ഇന്നു പരിഗണിക്കും
. എതിർവാദം അറിയിക്കാൻ എസ്ഐടി കൂടുതൽ സാവകാശം തേടിയ പശ്ചാത്തലത്തിലാണ് അപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്കു മാറ്റിയത്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ചങ്ങനാശേരി സ്വദേശി ബി. മുരാരി ബാബുവിന്റെ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കാന്‍ മാറ്റി.
ദ്വാരപാരക ശില്പങ്ങളുടെ സ്വര്‍ണപ്പാളി നീക്കിയ കേസിലും കട്ടിളപ്പാളികള്‍ കൈമാറിയ കേസിലും യഥാക്രമം രണ്ടും ആറും പ്രതിയായ മുരാരി ബാബു രണ്ടു കേസുകളിലും പ്രത്യേകം നല്കിയ ജാമ്യഹര്‍ജികളാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ പരിഗണനയിലുള്ളത്.
ഇന്നലെ ഹര്‍ജികള്‍ പരിഗണനയ്ക്കെടുത്തെങ്കിലും രണ്ടാം കേസ് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ തേടിയ കോടതി ഇതു ലഭ്യമാക്കാനായി ഹര്‍ജികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
National
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള ലോക്സഭയിൽ ഉന്നയിച്ച് കോണ്‍ഗ്രസ് എംപിമാരായ കെ.സി. വേണുഗോപാലും ഹൈബി ഈഡനും.
സ്വർണക്കൊള്ള അന്വേഷിക്കുന്ന എസ്ഐടി സംഘത്തെ സംസ്ഥാന സർക്കാർ നിയന്ത്രിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചപ്പോൾ ശബരിമല വിഷയത്തിൽ ബിജെപി മൗനം പാലിക്കുകയാണെന്നും സിപിഎം-ബിജെപി കൂട്ടുകച്ചവടത്തിന്റെ സൂചനയാണിതെന്നും ഹൈബി ആരോപിച്ചു. ശൂന്യവേളയിലാണ് ഇരുവരും ലോക്സഭയിൽ വിഷയം ഉന്നയിച്ചത്.
കേസിൽ കൂടുതൽ പ്രതികൾ ഇനിയും പുറത്തുവരാനുണ്ട്. ഹൈക്കോടതിയുടെ ഇടപെടൽമൂലമാണ് അന്വേഷണം ഇതുവരെയെത്തിയത്. എന്നാൽ കോടതി നിയമിച്ച പ്രത്യേക അന്വേഷണസംഘത്തെ പോലും നിയന്ത്രിക്കാൻ സർക്കാർ ശ്രമിക്കുന്നു.
ഈ സാഹചര്യത്തിൽ കോടതിയുടെ നിരീക്ഷണത്തിലുള്ള ഒരു ഏജൻസിതന്നെ കേസ് അന്വേഷിച്ച് യഥാർഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരികയും നഷ്ടപ്പെട്ട സ്വർണം തിരിച്ചുപിടിക്കുകയും വേണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
കേസിൽ സിപിഎം എംഎൽഎയായിരുന്ന പത്മകുമാറും സിപിഎം നേതാവായ വാസുവും അറസ്റ്റ് ചെയ്യപ്പെട്ടതായും കൂടുതൽ പ്രതികളെ പുറത്തുകൊണ്ടുവരണമെന്നും ഹൈബി ആവശ്യപ്പെട്ടു.
Kerala
കൊല്ലം: ശബരിമല സ്വർണപ്പാളിക്കേസിൽ ഒന്നും രണ്ടും പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, ആറാം പ്രതി മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു എന്നിവരുടെ റിമാൻഡ് കാലാവധി നീട്ടി.
ഉണ്ണികൃഷ്ണൻ പോറ്റിയെയും കെ.എസ്. ബൈജുവിനെയും 24 വരെയും മുരാരി ബാബുവിനെ 19 വരെയുമാണ് റിമാൻഡ് ചെയ്തത്.
മൂവരെയും കൊല്ലം വിജിലൻസ് കോടതിയിൽ ഇന്നലെ ഹാജരാക്കി. ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യാപേക്ഷ സമർപ്പിച്ചു. ഇത് 18ന് പരിഗണിക്കും. ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ ഇന്നു വിധി പറയും.
Kerala
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.
ശബരിമലയിലെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ എന്തെങ്കിലും ക്രമക്കേടുണ്ടായാൽ അതു വളരെ ഗൗരവമായി പരിഗണിക്കണം.
ഈ സാഹചര്യത്തിൽ സമഗ്രവും പക്ഷപാതരഹിതവുമായ അന്വേഷണം ഉറപ്പാക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉൾപ്പെടുത്തുന്നത് പരിഗണിക്കണം-ആന്റോ ആന്റണി ആവശ്യപ്പെട്ടു.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ എട്ടിനു പരിഗണിക്കും.
ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി എസ്ഐടിയുടെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷ പരിഗണിക്കുക എന്ന് വിജിലന്‍സ് കോടതി അറിയിച്ചു.
സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന് കൂട്ടുത്തരവാദിത്വം ഉണ്ടെന്നാണു പത്മകുമാര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണു "ചെമ്പ്' എന്നു രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥര്‍ "പിച്ചള' എന്നെഴുതിയപ്പോള്‍ താനാണ് ചെമ്പ് എന്നു മാറ്റിയത്.
പാളികള്‍ ചെമ്പ് ഉപയോഗിച്ച് നിര്‍മിച്ചതുകൊണ്ടാണ് അങ്ങനെ തിരുത്തിയത് എന്നും എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കേസില്‍ അറസ്റ്റിലായ എന്‍. വാസുവിന്റെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി മോഷണം ഉൾപ്പെടെ കത്തിക്കയറി നിൽക്കുകയും യുഡിഎഫ് ഇത് രാഷ്ട്രീയ ആയുധമാക്കി മാറ്റുകയും ചെയ്യുന്നതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായി രേഖാമൂലം പരാതിയുമായി യുവതി എത്തുന്നത്. ഒറ്റദിവസംകൊണ്ടു യുഡിഎഫും കോണ്‍ഗ്രസും തീർത്തും പ്രതിരോധത്തിലായി.
വാർത്ത അപ്പാടെ മാറിമറിയുകയാണ്. ഇപ്പോൾ വാർത്തയിൽ നിറഞ്ഞുനിൽക്കുന്നത് രാഹുൽ മാങ്കൂട്ടത്തിലിന്റെ കഥകൾ. ഇടതുമുന്നണിയും ബിജെപിയും ഒരു പോലെ പ്രതിഷേധവുമായി തെരുവിൽ. എൽഡിഎഫിനു ശബരിമല വിവാദത്തിൽനിന്നു ജനശ്രദ്ധ തിരിച്ചുവിടാൻ കഴിയുന്നതിന്റെ ആശ്വാസം. ബിജെപിക്കാകട്ടെ പാലക്കാട് നിയമസഭാ സീറ്റിൽ സാധ്യത തെളിഞ്ഞേക്കാമെന്ന സന്തോഷം.
ശബരിമല വിഷയത്തിൽ സിപിഎം എന്നതുപോലെ രാഹുൽ മാങ്കൂട്ടത്തിലിൽനിന്നു കോണ്‍ഗ്രസും അകലം പാലിച്ചു നിൽക്കുകയാണ്. രാഹുൽ ഇപ്പോൾ കോണ്‍ഗ്രസിൽ ഇല്ല എന്നാണവരുടെ വാദം. തങ്ങൾക്കൊപ്പമില്ലാത്ത രാഹുലിന്റെ കാര്യത്തിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നും അവർ പരസ്യ നിലപാടെടുക്കുന്നു.
എന്നാൽ, കേസെടുത്തതിനു പിന്നിൽ രാഷ്ട്രീയതാത്പര്യമുണ്ടെന്നു കോണ്‍ഗ്രസ് ആരോപിക്കുന്നു. ഓരോ തെരഞ്ഞെടുപ്പു വരുന്പോഴും സിപിഎം ഇത്തരം കളികൾ കളിക്കാറുണ്ടെന്നു യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി. ശബരിമല വിഷയത്തിൽ രണ്ടു സിപിഎം നേതാക്കൾ അറസ്റ്റിലായി ജയിലിൽ കഴിയുന്പോഴും സിപിഎം നടപടി എടുത്തിട്ടില്ലെന്നു രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
പരാതി ഉയർന്നപ്പോൾത്തന്നെ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കിയെന്നും കോണ്‍ഗ്രസ് പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. രാഹുൽ ഇപ്പോൾ കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടിയുടെ ഭാഗമല്ലെന്നും ഇവർ പറയുന്നു.പരാതി വന്ന വഴി തന്നെ രാഷ്ട്രീയ ലക്ഷ്യങ്ങൾ ബോധ്യപ്പെടുത്തുന്നതാണെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
പരാതിക്കാരി നേരെ എത്തുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൽ. അതിനു മുന്‍പായി പോലീസ് മുന്‍പാകെ ഒരു പരാതിപോലും നൽകിയിട്ടില്ല. പരാതി ലഭിച്ച ശേഷം ശരവേഗത്തിലായിരുന്നു നടപടികൾ.
ഏതു വിഷയത്തിലുമെന്നതു പോലെ രാഹുലിന്റെ കാര്യത്തിലും കോണ്‍ഗ്രസിൽ ഏകാഭിപ്രായമില്ല. കടുത്ത നടപടി വേണമെന്നു വാദിക്കുന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുതൽ പാർട്ടിയിലേക്കു മടക്കിക്കൊണ്ടു വരണമെന്നു പരസ്യമായി പറയുന്ന കെ. സുധാകരൻവരെ നിലപാടു പരസ്യമാക്കാൻ മടിക്കുന്നില്ല.
ഇതേസമയം, ഏതു വിഷയത്തിലായാലും സിപിഎമ്മിൽനിന്ന് ഒറ്റ അഭിപ്രായം മാത്രമേ പുറത്തു വരാറുള്ളൂ. അതാണു മുന്നണികൾ തമ്മിലുളള വ്യത്യാസം.
എടുത്തുചാടി തീരുമാനങ്ങളിലേക്കു നീങ്ങേണ്ട എന്നാണു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇപ്പോഴത്തെ നിലപാട്.
കേസ് എങ്ങനെ മുന്നോട്ടു പോകും എന്നു കാത്തിരുന്നു കണ്ട ശേഷം മാത്രമായിരിക്കും മുന്നോട്ടുള്ള നടപടികൾ. പരാതി ഉയർന്നപ്പോൾത്തന്നെ നടപടിയെടുത്തതുകൊണ്ട് ഇപ്പോൾ പിടിച്ചുനിൽക്കാൻ സാധിക്കുന്നു എന്നത് പാർട്ടിക്കുള്ളിൽ ആശ്വാ സമാണ്.
രാഹുലിനെതിരായ കേസിനു തെരഞ്ഞെടുപ്പു ഫലത്തെ മാറ്റിമറിക്കാനുള്ള പ്രഹരശേഷിയൊന്നുമുണ്ടെന്നു നേതൃത്വം കരുതുന്നില്ല.എന്നാൽ, സർക്കാരിനെതിരേ തിരിച്ചുവിടാമായിരുന്ന വിഷയങ്ങളെല്ലാം പിന്നോട്ടു പോയി എന്നതാണ് ഈ കേസ് മൂലമുണ്ടായ ദോഷമെന്നാണ് അവർ വിലയിരുത്തുന്നത്. ജനരോഷത്തിന്റെ ഗതി ഭരണപക്ഷത്തുനിന്നു പ്രതിപക്ഷത്തിന്റെ ദിശയിലേക്കു മാറിയോ എന്ന് അറിയണമെങ്കിൽ തെരഞ്ഞെടുപ്പുഫലം വരണം.
തെരഞ്ഞെടുപ്പിന് ഇനിയും ഒന്നരയാഴ്ചകൂടിയുണ്ട്. ഈ സമയംകൊണ്ട് ശബരിമല ഉൾപ്പെടെയുള്ള സർക്കാർവിരുദ്ധ വികാരം ഉയർത്താൻ സാധിക്കുന്ന വിഷയങ്ങളിലേക്കു തെരഞ്ഞെടുപ്പു ചർച്ച മടക്കിക്കൊണ്ടുപോകാനാണു കോണ്‍ഗ്രസും യുഡിഎഫും ഇപ്പോൾ ശ്രമിക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രിക്കെതിരേ പത്മകുമാർ മൊഴി നൽകി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് മന്ത്രിയുമായി നേരത്തേ പരിചയമുണ്ടായിരുന്നു. ഇക്കാര്യം പോറ്റി തന്നോട് പറഞ്ഞിരുന്നു. താൻ പരിചയപ്പെടുന്നതിനു മുൻപുതന്നെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ സ്വാധീനമുണ്ട്.
പോറ്റി ശബരിമലയിൽ പ്രവർത്തിച്ചത് തന്ത്രി കുടുംബത്തിന്റെ ആളായിട്ടാണ്. പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും ആളായാണ്. ശബരിമലയെ പുനരുദ്ധരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടത്. സ്വർണ ഉരുപ്പടികൾക്ക് കാലപ്പഴക്കത്തത്തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും അറ്റകുറ്റപ്പണിക്കുമാണ് ദ്വാരപാലക പാളികളും കട്ടിളപ്പാളിയും അടക്കം കൊണ്ടുപോയതെന്നും പത്മകുമാർ മൊഴി നൽകി.
ശബരിമലയിലെ കട്ടിളപ്പാളികൾ സ്വർണം പൂശാൻ ഉണ്ണിക്കൃ ഷ്ണൻ പോറ്റിക്ക് കൊടുത്തു വിട്ടതു തന്റെ മാത്രം തീരുമാനമല്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൂട്ടായ തീരുമാനമാണെന്നും മുൻ പ്രസിഡന്റ് എ. പത്മകുമാർ വീണ്ടും മൊഴി നൽകി. 2019ലെ ദേവസ്വം ബോർഡ് അംഗങ്ങൾക്കും ഇതിൽ പങ്കുണ്ടെന്നാണ് പത്മകുമാർ പറഞ്ഞത്.
ശബരിമലയിലെ ഒരു കാര്യവും താൻ ഒറ്റയ്ക്കല്ല തീരുമാനിച്ചത്, ഭരണസമിതിയുമായി ആലോചിച്ചാണ് എല്ലാ തീരുമാനവുമെടുത്തത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറിയാം. ശബരിമലയിലെ നിത്യസന്ദർശകനായിരുന്നു പോറ്റി.
ഉദ്യോഗസ്ഥർക്കും പോറ്റിയെ പരിചയമുണ്ടായിരുന്നു. കൂട്ടായ തീരുമാനങ്ങളാണ് ശബരിമല വിഷയത്തിൽ എടുത്തതെന്നും പത്മകുമാർ പറഞ്ഞു.
ഇന്നലെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പത്മകുമാറിനെ വീണ്ടും തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: അയ്യപ്പനെ തൊട്ടവരാരും രക്ഷപ്പെടില്ലെന്ന് സിപിഎം ഓർക്കുന്നത് നന്നായിരിക്കുമെന്നു രമേശ് ചെന്നിത്തല.
ശബരിമലയിലെ സ്വർണക്കൊള്ളയിൽ നിന്ന് സിപിഎമ്മിന് ഒരിക്കലും ഒഴിഞ്ഞുമാറാൻ കഴിയില്ല. കഴിഞ്ഞ പത്തു വർഷമായി ദേവസ്വം ബോർഡ് ഭരിക്കുന്നത് സിപിഎം പ്രതിനിധികളാണ്. ഈ കൊള്ളയുടെ ഉത്തരവാദിത്വത്തിൽ നിന്ന് പാർട്ടിക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും രമേശ് ചെന്നി ത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണം പുറത്തേക്കു കൊണ്ടു പോയത് കടകംപള്ളി സുരേന്ദ്രന് അറിയാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഉണ്ണികൃഷ്ണൻ പോറ്റിയെ അയച്ചതും കടകംപള്ളി സുരേന്ദ്രനാണ്. അദ്ദേഹത്തിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടായിരുന്നു എന്നതിനുള്ള തെളിവ് തങ്ങൾ ഹാജരാക്കാം.
എല്ലാവരുടെയും പേരുകൾ പുറത്ത് വരും. അതുകൊണ്ടാണ് ശബരിമലയിലെ കവർച്ചക്കാരെ സംരക്ഷിക്കുന്ന നിലപാട് സിപിഎം സ്വീകരിച്ചത്. അതിനുള്ള മറുപടി ഈ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെക്കൊണ്ട് ജനങ്ങൾ പറയിക്കും.
സ്വർണക്കൊള്ള രാഷ്ട്രീയമായി എടുത്ത തീരുമാനമാണ്. ആദ്യ കളവ് ആരും അറിഞ്ഞില്ലെന്ന് കണ്ടാണ് രണ്ടാമതും കക്കാനാണ് ദ്വാരപാലക ശിൽപം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചത്. ആദ്യം മോഷണം നടത്തിയെന്ന് പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും ജനങ്ങൾക്കും അറിയില്ലായിരുന്നെങ്കിലും കട്ടവർക്ക് അറിയാമായിരുന്നുവെന്നും സതീശൻ പറഞ്ഞു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നാലാം പ്രതിയായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ഹൈക്കോടതി നാളെവരെ നീട്ടി.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദീകരണത്തിന് കൂടുതല്‍ സമയം സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.
സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി ഉണ്ണിക്കൃഷ്ണന് പോറ്റിക്കു കൈമാറാന്‍ 2019ല്‍ ഉത്തരവിറക്കിയെന്നതാണ് ജയശ്രീക്കെതിരായ ആരോപണം.
ബോര്‍ഡ് തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുക മാത്രമാണു ചെയ്തതെന്നും കുറ്റകൃത്യത്തിന് കൂട്ടുനിന്നിട്ടില്ലെന്നുമാണ് ഹര്‍ജിക്കാരിയുടെ വാദം.
Kerala
കൊച്ചി: സ്വര്‍ണപ്പാളി മോഷണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കേരളത്തിന്റെ യശസ് കെടുത്തിയെന്നും കേസില്‍ അറസ്റ്റിലായ എ. പത്മകുമാര്‍ പൊതുരംഗത്തുള്ളവര്ക്കാകെ നാണക്കേടാണെന്നും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പി.സന്തോഷ് കുമാര്‍ എംപി.
എന്നാല്‍ ഇത്തരം വിവാദങ്ങളൊന്നും തന്നെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ദോഷമായി ബാധിക്കില്ലെന്നും എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.
ഒട്ടേറെ പരിമിതികളുള്ള പാര്‍ട്ടിയാണു സിപിഐ. എങ്കിലും എല്ലാ വിഷയങ്ങളിലും വ്യക്തമായ നിലപാട് തങ്ങള്‍ക്കുണ്ട്. എല്‍ഡിഎഫില്‍ യാതൊരുവിധ അനൈക്യവും ഇല്ലാതെ ഒരേ മനസോടെയാണു തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
പിഎം ശ്രീ അടഞ്ഞ അധ്യായമാണ്. അതു തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമേ ആകില്ല. ഭാവികേരളത്തിന്റെ രാഷ്ട്രീയദിശ സൂചിപ്പിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റ് തുടങ്ങിയിട്ടേയുള്ളൂവെന്നും സിപിഎമ്മില്‍ കടകംപള്ളി സുരേന്ദ്രന് ഉള്‍പ്പെടെ ഉന്നത നേതാക്കള്‍ ജയിലില്‍ പോകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ശബരിമല അയ്യപ്പന്റെ സ്വര്‍ണം അപഹരിച്ചതില് സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിനും പിണറായി സര്‍ക്കാരിനുമുള്ള വ്യക്തമായ പങ്ക് തിരിച്ചറിഞ്ഞ ജനങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരേ വിധി പറയും.
സ്വര്‍ണക്കൊള്ളയില്‍ മുഖ്യപങ്കുള്ള ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണ്. പത്മകുമാറിനെയും വാസുവിനെയും ചോദ്യം ചെയ്തപ്പോള്‍ കടകംപള്ളിക്കും പങ്കുള്ളതായി മൊഴി കൊടുത്തിട്ടുണ്ട്. കടകംപള്ളിയും ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ബന്ധത്തിന് ഒട്ടേറെ തെളിവുകളുണ്ട്. അതിനാല്‍ സിപിഎം നേതാക്കളുടെ ജയിലേക്കുള്ള ഘോഷയാത്രയ്ക്ക് ഇനിയും കേരളം സാക്ഷ്യം വഹിക്കുമെന്ന് വി.ഡി. സതീശന് കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസില്‍ പറഞ്ഞു.
കൊള്ളക്കാരുടെയും കൊടും ക്രിമിനലുകളുടെയും പാര്‍ട്ടിയായി സിപിഎം മാറി. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് പോലീസിനെ ആക്രമിച്ച കേസില്‍ 20 വര്‍ഷത്തെ തടവിന് വിധിച്ച ക്രിമിനലിനെയും വെള്ളപൂശി സിപിഎം തദ്ദേശസ്ഥാനാര്ഥിയാക്കിയിരിക്കുന്നു.
പിണറായി ഭരണത്തെ മടുത്തുവെറുത്ത ജനങ്ങളുടെ വിധി യുഡിഎഫിന് അനുകൂലമാകും. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ബിജെപി പിണറായി സര്‍ക്കാരിനെതിരേ പ്രതികരിക്കാത്തത് അവർ തമ്മിലുള്ള രഹസ്യധാരണകൊണ്ടാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പിണറായി വിജയനോ മന്ത്രിമാരോ ജനങ്ങളുടെ മുഖത്തുനോക്കാന്‍ പറ്റാത്തതുകൊണ്ട് പ്രചാരണത്തിന് ഇറങ്ങുന്നില്ല.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മന്ത്രിസഭ ഒന്നാകെ പ്രചാരണത്തിനിറങ്ങിയിട്ടും ജനങ്ങള്‍ തിരിച്ചടി നല്കി. സ്വര്‍ണത്തട്ടിപ്പ് മറയ്ക്കാനാണ് യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കിയ അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരേയുള്ള പുതിയ കഥ തത്പരകക്ഷികള്‍ പുറത്തുവിട്ടത്.
വടക്കേ ഇന്ത്യയില്‍ മിഷണറിമാരെ ആക്രമിക്കുകയും പള്ളികള്‍ തകര്‍ക്കുകയും ആരാധന തടസപ്പെടുത്തുകയും ചെയ്യുന്ന ബിജെപി കേരളത്തില്‍ ക്രൈസ്തവപ്രീണനം നടത്തുന്നത് ഇരട്ടത്താപ്പാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നൽകിയ മാനനഷ്ടക്കേസിൽ രണ്ടാം തവണയും കോടതിയിൽ ആക്ഷേപം സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതേത്തുടർന്ന് കേസ് ഡിസംബർ ഒന്നിലേക്കു മാറ്റി.
സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് വി.ഡി. സതീശൻ തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കടകംപള്ളി സുരേന്ദ്രൻ കോടതിയെ സമീപിച്ചത്.
എന്നാൽ ഒക്ടോബർ എട്ടിനു വാർത്താസമ്മേളനത്തിൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു എന്ന് പ്രതിപക്ഷ നേതാവിനു വേണ്ടി ഹാജരായ അഡ്വ. മൃദുൽ ജോണ്‍ മാത്യു വാക്കാൽ പറഞ്ഞു.
തിരുവനന്തപുരം സെക്കൻഡ് അഡീഷണൽ സബ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.പ്രതിപക്ഷ നേതാവ് ഇനി ഇത്തരത്തിൽ ആരോപണം ഉന്നയിച്ചു വാർത്താ സമ്മേളനം നടത്താൻ പാടില്ല എന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പാർട്ടി പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ എ.പത്കുമാറിനെതിരെ തത്കാലം പാർട്ടി നടപടി വേണ്ടെന്നു സിപിഎം. ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം.
പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കൊടുക്കുന്ന റിപ്പോർട്ടു കൂടി വന്നശേഷം നടപടിയുടെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണു സെക്രട്ടേറിയറ്റിൽ ഉണ്ടായ ധാരണ. അറസ്റ്റിലായതിനു ശേഷം പത്മകുമാറിനെതിരേ ഉടൻ നടപടി സ്വീകരിച്ചാൽ പിന്നീട് അദ്ദേഹം അന്വേഷണ സംഘത്തിനു മുന്നിൽ നൽകുന്ന മൊഴി പാർട്ടിക്കും സർക്കാരിനും വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നു കണ്ടുകൂടിയാണു നടപടി ഇപ്പോൾ വേണ്ടെന്ന തീരുമാനത്തിലെത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്തുതന്നെ എ.പത്മകുമാറിനെ അന്വേഷണ സംഘം അറസ്റ്റു ചെയ്തതു രാഷ്ട്രീയമായി വലിയ തിരിച്ചടിയായി തന്നെയാണു സിപിഎം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. വോട്ടിംഗിൽ ഇതെങ്ങനെ പ്രതിഫലിക്കുമെന്ന കാര്യത്തിലും പാർട്ടിക്ക് ആശങ്കയുണ്ട്.
ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തുന്ന അന്വേഷണത്തെ പാർട്ടി തുടക്കത്തിൽ തന്നെ സ്വാഗതം ചെയ്തിട്ടുണ്ട്. തെറ്റുകാർ ആരായാലും സംരക്ഷിക്കില്ലെന്ന സർക്കാർ നിലപാട് തെരഞ്ഞെടുപ്പു യോഗങ്ങളിൽ ഉയർത്തികാട്ടണം. ഇങ്ങനെ മാത്രമേ നിലവിലെ സാഹചര്യം മറികടക്കാനാകൂവെന്നും സെക്രട്ടേറിയറ്റ് യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.
മറ്റു കാര്യങ്ങൾ അപ്പോൾ ഉണ്ടാകുന്ന സാഹചര്യമനുസരിച്ചു തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ചു മറ്റു ചർച്ചകളൊന്നും സെക്രട്ടേറിയറ്റിൽ ഉണ്ടായില്ല.
തിരുവനന്തപുരം: എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്ത ശേഷമാകും തുടർ ചോദ്യംചെയ്യലുകൾ.
സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി കൊടുത്തുവിട്ടതെന്ന് പത്മകുമാർ കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. ഇപ്പോൾ ജുഡീഷൽ കസ്റ്റഡിയിൽ തിരുവനന്തപുരം സ്പെഷൽ സബ്ജയിലിൽ കഴിയുന്ന പത്മകുമാറിനെ തിങ്കളാഴ്ച പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ രാഷ്ട്രീയ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി അറസ്റ്റിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയെന്നു സൂചന.
കേസിലെ മുഖ്യ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി അന്നത്തെ ദേവസ്വം മന്ത്രിക്ക് നൽകിയ അപേക്ഷയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് മുന്നിലെത്തിയതെന്നാണ് ദേവസ്വം പ്രസിഡന്റായിരുന്ന എ. പത്മകുമാറിന്റെ മൊഴി.
സർക്കാർ അനുമതിയോടെയാണ് കട്ടിളപാളികൾ കൊടുത്തുവിടുന്നതെന്ന് ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പത്മകുമാർ മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇതോടെ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴിയും അന്വേഷണ സംഘത്തിനു ശേഖരിക്കേണ്ടി വരും.
ദൈവതുല്യരായി കാണുന്നവരാണ് കൊള്ളയ്ക്കു പിന്നിലെന്നു പത്മകുമാർ നേരത്തേ വെളിപ്പെടുത്തിയിരുന്നു.കട്ടിളപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റി വഴി കൊടുത്തു വിടാൻ തീരുമാനിച്ചത് ഉദ്യോഗസ്ഥർ നൽകിയ രേഖകളുടെ അടിസ്ഥാനത്തിലാണ്. അന്നു ദേവസ്വം കമ്മീഷണറായിരുന്ന ഭരണ നേതൃത്വവുമായി ഏറെ അടുപ്പം പുലർത്തുന്ന എൻ. വാസു അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.
പോറ്റിയുമായി ബോർഡ് ആസ്ഥാനത്തും ആറന്മുളയിലെ വീട്ടിലുമടക്കം പലവട്ടം പത്മകുമാർ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവും പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചിരുന്നു. പോറ്റിയുമായി ചേർന്നുള്ള ഭൂമി ഇടപാടുകളുടെ ചില രേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കടത്ത് കേസിൽ ദൈവതുല്യരായ മനുഷ്യരുടെ പങ്കിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ചിരിയിൽ മറുപടി ഒതുക്കി അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ.
അറസ്റ്റിലായ പത്മകുമാറിനെ മെഡിക്കൽ പരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് നേരത്തെ അദ്ദേഹം പറഞ്ഞ ദൈവതുല്യരായ മനുഷ്യരുടെ പങ്കിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിച്ചത്. ഇത് ആരെന്ന് പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നൽകിയോ എന്ന ചോദ്യത്തിന് ചിരിയിൽ മറുപടി ഒതുക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിമാരെയാണോ അതോ തന്ത്രിയെ ആണോ ഇതിലൂടെ ഉദ്ദേശിച്ചതെന്ന ചോദ്യത്തിനും ചിരി മാത്രമായിരുന്നു മറുപടി.